
അന്തരിച്ച ഗായിക ലതാ മങ്കേഷ്കരറുടെ ക്രിക്കറ്റിനോടുള്ള പ്രണയം
ലതാ മങ്കേഷ്കർ പാട്ടിനെയല്ലാതെ മറ്റെന്തിനെയെങ്കിലും പ്രണയിച്ചിരുന്നെങ്കിൽ അത് ക്രിക്കറ്റിനെയാണ്. ലതാജിയുടെ ജീവിതത്തിൽ ശ്രുതി ചേരാതെ പോയ ഒരു പ്രണയത്തിന്റെ പശ്ചാത്തലത്തിലും ക്രിക്കറ്റ് കടന്നുവന്നിരുന്നു.
1983ൽ ഇംഗ്ളണ്ടിലെ ലോഡ്സ് മൈതാനത്ത് ഇന്ത്യ ആദ്യമായി ലോകകപ്പുയർത്തുമ്പോൾ ഗാലറിയിലെ സ്പെഷ്യൽ ബോക്സിൽ അതിന് സാക്ഷ്യം വഹിച്ച് ആരവം മുഴക്കിയവരിൽ ലതാജിയുമുണ്ടായിരുന്നു. ലോകകപ്പുമായി ഇന്ത്യയിൽ മടങ്ങിയെത്തിയ ടീമിന് പ്രൈസ് മണി നൽകാൻ എന്തുചെയ്യുമെന്നറിയാതെ വട്ടം കറങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് തുണയായതും വാനമ്പാടിയുടെ മാന്ത്രിക സ്വരമായിരുന്നു. ഡൽഹി ഇന്ദ്രപ്രസ്ഥ സ്റ്റേഡിയത്തിൽ ഗാനമേള നടത്തി ഇരുപത് ലക്ഷം രൂപയാണ് ലത ബി.സി.സി.ഐയ്ക്ക് നേടിക്കൊടുത്തത്.ഇന്ദീവർ എഴുതി സഹോദരൻ ഹൃദയനാഥ് മങ്കേഷ്‌കർ ചിട്ടപ്പെടുത്തിയ 'ഭാരത് വിശ്വവിജയേത' എന്നൊരു ഗാനം തന്നെ ഒരുക്കി ലതാജി. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്‌ക്കർ അന്ന് ലതാജിക്ക് ഒപ്പം പാടിയിരുന്നു.ചില്ലിക്കാശ് പോലും പ്രതിഫലം വാങ്ങാതെ ഈ ഗാനമേള നടത്താൻ പ്രേരണയായത് ക്രിക്കറ്റിനോടുളള അടങ്ങാത്ത ആവേശമായിരുന്നു.ഗാനമേളയിലെ വരുമാനത്തിൽ നിന്ന് ഒരു ലക്ഷം രൂപവീതമാണ് കളിക്കാർക്ക് സമ്മാനമായി നൽകിയത്.
ഇന്ത്യൻ ക്രിക്കറ്റിനോടുകാട്ടിയ ഈ സ്നേഹം തിരിച്ചും ലതാജിക്ക് കിട്ടിയിട്ടുണ്ട്. വർഷങ്ങൾക്കുശേഷം തന്റെ പിതാവ് ദീനാനാഥ് മങ്കേഷ്‌കറുടെ ഓർമ്മയ്ക്ക് വേണ്ടി സ്ഥാപിച്ച ആശുപത്രിക്കുവേണ്ടി ഫണ്ട് സ്വരൂപിക്കാൻ ലതാജിയെ സഹായിച്ചത് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളാണ്. വാങ്കഡേ സ്റ്റേഡിയത്തിൽ ശ്രീലങ്കയുമായി നടന്ന പ്രദർശന മത്സരത്തിൽ സച്ചിൻ ടെൻഡുൽക്കറും വിരേന്ദർ സെവാഗും ഗാംഗുലിയും ജയസൂര്യയും സംഗക്കാരയുമെല്ലാം കളത്തിലിറങ്ങിയിരുന്നു.
സച്ചിൻ ടെൻഡുൽക്കറെ സ്വന്തം മകനായാണ് കാണുന്നതെന്ന് ലതാ മങ്കേഷ്കർ പലവട്ടം പറഞ്ഞിട്ടുണ്ട്. സച്ചിനുമായുള്ള കൂടിക്കാഴ്ചകൾ എന്നും സന്തോഷഭരിതമായിരുന്നു. സച്ചിന്റെ പ്രിയഗാനങ്ങൾ പാടിക്കൊടുക്കാൻ ലതാജിക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. 2011ലെ ലോകകപ്പിൽ പാകിസ്ഥാനുമായുള്ള സെമിഫൈനൽ വിജയിക്കുംവരെ താനും സഹോദരങ്ങളും തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ലെന്ന് ലതാജി പറഞ്ഞിട്ടുണ്ട്. സച്ചിൻ തന്റെ നൂറാം സെഞ്ച്വറി നേടുന്നത് കാണാനായത് ലതാജിയുടെ സ്വപ്നസാക്ഷാത്കാരമായിരുന്നു.
സച്ചിനെമാത്രമല്ല ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളോടെല്ലാം അവർക്ക് വാത്സല്യമായിരുന്നു. വിരാട് കൊഹ‌്ലിക്കുവേണ്ടി ഒരു ഗാനം സമർപ്പിച്ചിട്ടുണ്ട് ലതാജി. ആസ്‌ട്രേലിയക്കെതിരായ കൊൽക്കത്തയിലെ ഇരട്ട സെഞ്ച്വറിയുടെ പേരിൽ വി.വി.എസ്. ലക്ഷ്മണിനെ വാനോളം പുകഴ്ത്തിയിരുന്നു. ധോണിയോട് വിരമിക്കൽ തീരുമാനം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതും വാനമ്പാടിയാണ്.ഇന്ത്യൻ ടീം വലിയ പോരാട്ടങ്ങൾക്കൊരുങ്ങുമ്പോഴൊക്കെയും ആദ്യം ആശംസയുമായി എത്തിയിരുന്നത് ലതാജിയായിരുന്നു. സംഗീതം പോലെ ക്രിക്കറ്റും അത്രമേൽ അവരുടെ ഹൃദയത്തിൽ ഇടം നേടിയിരുന്നു.
പിന്നീട് ബി.സി.സി.ഐ പ്രസിഡന്റായി മാറിയ ദുംഗാപ്പുരിലെ നാട്ടുരാജാവിന്റെ മകൻ രാജ്സിംഗ് ദുംഗാപ്പുർ ചെറുപ്പത്തിൽ ലതാജിയുടെ ഇളയസഹോദരൻ ഹൃദയനാഥിനൊപ്പം ക്രിക്കറ്റ് കളിച്ചിരുന്നയാളാണ്.ഹൃദയനാഥിന്റെ
അടുത്ത സുഹൃത്തായി മാറിയ രാജ്സിംഗ് പതിയെ ലതയുടെ ഹൃദയത്തിലും പടർന്നുകയറിയത്രേ. മിത്തു എന്ന ഒാമനപ്പേരിലായിരുന്നു രാജ്സിംഗ് ലതയെ വിളിച്ചിരുന്നതെന്ന് പറയപ്പെടുന്നു. എന്നാൽ തന്റെ മകൻ വെറുമൊരു പാട്ടുകാരിയെ വിവാഹം കഴിക്കുന്നത് കുറച്ചിലായി കണ്ട ദുംഗാപ്പുർ രാജാവിന്റെ പിടിവാശിക്കുമുന്നിൽ ആ പ്രണയം ശ്രുതിചേരാതെ പോയി. ദുംഗാപ്പുർ തന്റെ നഷ്ടപ്രണയത്തെക്കുറിച്ച് പലപ്പോഴും ഓർമ്മകൾ അയവിറക്കിയിരുന്നെങ്കിലും ലതാജി ഒന്നും പറഞ്ഞിരുന്നില്ല. മറ്റൊരു വിവാഹത്തെക്കുറിച്ച് ഇരുവരും ചിന്തിക്കാതിരുന്നത് പഴയ പ്രണയത്തിന്റെ ഓർമ്മകളുടെ ശക്തികൊണ്ടാണെന്ന് വിശ്വസിക്കുന്നവരുണ്ട്. ഒരുപക്ഷേ സ്വർഗലോകത്ത് തന്റെ വാനമ്പാടി വരുന്നതും കാത്തിരിക്കുകയായിരുന്നിരിക്കാം രാജ്സിംഗ്.