lata

ലോകത്തിനാകെ ഇന്ത്യൻ സംഗീതത്തിന്റെ പര്യായമായിരുന്നു ലതാ മങ്കേഷ്‌കർ. 92ാം വയസിൽ ആ മഹാഗായിക പിൻവാങ്ങുമ്പോൾ രണ്ട് നൂറ്റാണ്ടുകളിലായി എഴുപതിലേറെ വർഷം ഭാരതത്തിലെ തലമുറകൾക്ക് ഇമ്പം പകർന്ന സ്വരമാധുര്യമാണ് നഷ്‌ടമാകുന്നത്. ലണ്ടനിൽ ആൽബർട്ട് ഹാളിലെ കമ്പ്യൂട്ടർ ഏറ്റവും പൂർണതയാർന്ന ശബ്‌ദമായി രേഖപ്പെടുത്തിയത് ലതാ മങ്കേഷ്‌കറുടെ ശബ്‌ദമാണ്.

ആദ്യകാലവും ചലച്ചിത്രവും

ചെറുപ്പത്തിൽ അച്ഛനിൽ നിന്ന് സംഗീതം പഠിച്ചു. പിന്നീട് ശാസ്‌ത്രീയ സംഗീതം ഉസ്‌താദ് അമാനത്ത് ഖാനിൽ നിന്ന് പഠിച്ചു. 13 വയസിൽ അച്ഛനെ നഷ്‌ടപ്പെട്ടു. കുടുംബത്തെ പോറ്റാനായി സിനിമാ അഭിനയം. പിന്നീട് ഗായികയായി.

ഹിന്ദി സിനിമയിൽ നാൽപതുകളിൽ മധുബാല മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം പ്രീതി സിന്റ വരെയുള‌ള നായികമാർക്ക് വേണ്ടി ഗാനങ്ങൾ ആലപിച്ചു. ഇന്ത്യയിലെ മിക്ക ഭാഷകളിലും പാടി. ശാസ്‌ത്രീയ അടിത്തറയുള‌ള ഗായികയായ ലത മങ്കേഷ്‌കർ ചലച്ചിത്ര പിന്നണി ഗായികമാരിൽ പതിറ്റാണ്ടുകളോളം മുന്നിൽ തന്നെ നിന്നു. ഗായകരിൽ മുഹമ്മദ് റഫി, കിഷോർ കുമാർ, മുകേഷ്, കുമാർ സാനു മുതൽ സോനു നിഗം വരെ എത്തിയപ്പോഴും ലതാജി തന്നെയായിരുന്നു ഇന്ത്യൻ ഗായികമാരിൽ മുന്നിൽ.

നെഹ്രുവിനെ കരയിച്ച ലത

1962ലെ ഇന്ത്യ-ചൈന യുദ്ധത്തിലെ പരാജയത്തിൽ ഇന്ത്യ ഉഴറി നിൽക്കുമ്പോൾ ധീരജവാന്മാർക്കുവേണ്ടി ലത പാടിയ 'ഏ മേരേ വദൻ കേ ലോഗോ' എന്ന ഗാനം കേട്ട് അന്ന് പ്രധാനമന്ത്രിയായിരുന്ന നെഹ്രു കരഞ്ഞത് ആ മധുര ശബ്ദത്തിന്റെ ഭാവ ഗാംഭീര്യത്തിന്റെ ഉദാഹരണമാണ്. ഈ ഗാനം പിന്നീട് പല ഇന്ത്യൻ ചിത്രങ്ങളിലും ചേ‌ർക്കുകയുണ്ടായി. അന്നത്തെ പാകിസ്ഥാൻ പ്രധാനമന്ത്രി കാശ്‌മീരിന് പകരം ലതാ മങ്കേഷ്‌കറെ മതിയെന്ന് പറഞ്ഞതും ലതയ്‌ക്ക് ലഭിച്ച വലിയ പ്രശംസയാണ്.

മുപ്പതിനായിരം ചലച്ചിത്ര ഗാനങ്ങൾ

36ലേറെ ഭാഷകളിലായി മുപ്പതിനായിരത്തിലധികം പാട്ടുകളാണ് ലതാ മങ്കേഷ്‌കർ പാടിയത്. മലയാളത്തിൽ രാമു കാര്യട്ടിന്റെ 'നെല്ല്' എന്ന ചിത്രത്തിലെ 'കദളി ചെങ്കദളി' എന്ന ഗാനം ആലപിച്ചു. ഈ ഗാനത്തിൽ വയലാറിന്റെ വരികൾക്ക് സംഗീതം പകർന്നത് സലിൽ ചൗധരിയായിരുന്നു. വലിയൊരു യുഗം തന്നെയാണ് ലതാജിയുടെ നിര്യാണത്തോടെ അവസാനിക്കുന്നത്..