
ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയുടെ പിതാവ് ത്രിലോക്ചന്ദ് റെയ്‌ന അന്തരിച്ചു. സൈനിക ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. ഗാസിയാബാദിലെ വീട്ടിൽ ഇന്നലെ രാവിലെയായിരുന്നു അന്ത്യം.
ഓർഡിനൻസ് ഫാക്ടറിയിൽ ബോംബ് നിർമാണ വിദഗ്ദ്ധനായിരുന്നു. ജമ്മു കശ്മീരിലെ റെയ്‌നാവാകി സ്വദേശിയായ ത്രിലോക്ചന്ദ് റെയ്‌ന 1990-കളിൽ കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകത്തെ തുടർന്നുള്ള സംഘർഷങ്ങൾക്ക് പിന്നാലെയാണ് അവിടംവിട്ട് ഗാസിയാബാദിലെത്തിയത്.
സൈനികനായിരുന്ന തന്റെ പിതാവിൽ നിന്നാണ് ജീവിതത്തിലെ ഏതു വെല്ലുവിളിയും ഏറ്റെടുക്കാനുള്ള ധൈര്യവും കരുത്തും തനിക്ക് ലഭിച്ചതെന്ന് റെയ്‌ന പറഞ്ഞിട്ടുണ്ട്. വിദേശ പര്യടനങ്ങളിൽ അല്ലാത്തപ്പോഴെല്ലാം മാതാപിതാക്കൾക്കൊപ്പമാണ് റെയ്‌ന താമസിച്ചിരുന്നത്. മാതാപിതാക്കളെ വിട്ടുനിൽക്കാതിരിക്കാൻ പരിശീലനം പോലും ഗാസിയാബാദിൽ നടത്താൻ റെയ്‌ന ശ്രമിക്കാറുണ്ടായിരുന്നു.
2020 ആഗസ്റ്റിൽ ധോണിക്കൊപ്പം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമികച്ച റെയ്‌ന ഇപ്പോഴും ഐ.പി.എല്ലിൽ സജീവമാണ്. കഴിഞ്ഞ സീസൺ വരെ ചെന്നൈ സൂപ്പർ കിംഗ്സിനായാണ് കളിച്ചത്.