
തിരുവനന്തപുരം:ജില്ലാ വികസനസമിതി, താലൂക്ക് വികസന സമിതി മാതൃകയിൽ സംസ്ഥാനത്ത് വില്ലേജ്തല ജനകീയ സമിതി ഏർപ്പെടുത്തുമെന്ന് റവന്യു വകുപ്പു മന്ത്രി കെ. രാജൻ അറിയിച്ചു. കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന റവന്യു ഓഫീസർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത മാർച്ചിൽ വില്ലേജ്തല ജനകീയ സമിതികൾ ഔപചാരികമായി നിലവിൽ വരുമെന്നും അദ്ദേഹം അറിയിച്ചു.
പൊതു സമൂഹത്തെയും സർക്കാരിനെയും സംബന്ധിച്ചിടത്തോളം ആദ്യത്തെ ഇടപെടൽ നടക്കുന്ന സ്ഥലമാണ് വില്ലേജ് ഓഫീസ്. വില്ലേജ്സഭ നിലവിൽ വരുന്നതോടെ റവന്യു വകുപ്പുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള പരാതികൾ അതിവേഗത്തിൽ പരിഗണിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
8 അംഗങ്ങൾ അടങ്ങുന്നതാണ് സമിതി. വില്ലേജ് ഓഫീസറാണ് സമിതിയുടെ കൺവീനർ. വില്ലേജ് പരിധിയിൽ വരുന്ന നിയമസഭാംഗം അല്ലെങ്കിൽ അവരുടെ പ്രതിനിധി, വില്ലേജ് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് / മുനിസിപ്പൽ ചെയർമാൻ,
കോർപ്പറേഷൻ മേയർ, വില്ലേജ് ഓഫീസ് ഉൾപ്പെടുന്ന പ്രദേശത്തെ ഗ്രാമ/ ബ്ലോക്ക്/ ജില്ലാ പഞ്ചായത്ത് മെമ്പർ, വില്ലേജിന്റെ ചാർജ്ജ് ഓഫീസറായ ഡെപ്യൂട്ടി തഹസിൽദാർ, നിയമസഭയിൽ അംഗത്വമുള്ള രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധി, സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന വനിതാ അംഗം, സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന പട്ടികജാതി / പട്ടിക വർഗ്ഗ പ്രതിനിധി എന്നിവരായിരിക്കും സമിതിയിലെ അംഗങ്ങൾ. എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ച്ച സമിതികളുടെ യോഗം ചേരും.