india-tribute

അഹമദാബാദ്: ഇന്ന് രാവിലെ അന്തരിച്ച ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്ക്കറിന് ആദരാഞ്ജലിയർപ്പിച്ച് ഇന്ത്യയുടെ ക്രിക്കറ്റ് ടീം. ഇന്ന് അഹമദാബാദിൽ നടക്കുന്ന വെസ്റ്റിൻഡീസിനെതിരായ ആദ്യ ഏകദിനത്തിലാണ് ഇന്ത്യൻ താരങ്ങൾ ലതാ മങ്കേഷ്ക്കറിന് ആദരാഞ്ജലിയ‌ർപ്പിച്ച് രംഗത്ത് എത്തിയത്. മത്സരത്തിന് മുമ്പായി ക്യാപ്ടൻ രോഹിത് ശർമ്മയുടെയും വിരാട് കൊഹ്‌ലിയുടെയും നേതൃത്വത്തിൽ ഗ്രൗണ്ടിൽ അണിനിരന്ന ഇന്ത്യൻ ടീമംഗങ്ങൾ ഒരു മിനിട്ട് മൗനം ആചരിച്ചു. രാഹുൽ ദ്രാവിഡ് ഉൾപ്പെടെയുള്ള ഇന്ത്യയുടെ പരിശീലക സംഘവും ബൗണ്ടറി ലൈനിന് പുറത്ത് ഒരു മിനിട്ട് മൗനം ആചരിച്ചു. ഇന്നത്തെ മത്സരത്തിൽ ഇന്ത്യയുടെ വാനമ്പാടിക്ക് ആദരാഞ്ജലിയർപ്പിച്ച് കൊണ്ട് കൈയിൽ കറുത്ത ആംബാൻഡ് കെട്ടിയാണ് ഇന്ത്യൻ താരങ്ങൾ കളത്തിലിറങ്ങിയത്.

ലതാ മങ്കേഷ്ക്കർ വലിയൊരു ക്രിക്കറ്റ് ആരാധികയായിരുന്നെന്നും എന്നും ഇന്ത്യൻ ടീമിനെ പിന്തുണയ്ക്കുന്നതിൽ മുൻനിരയിൽ തന്നെ ഉണ്ടായിരുന്നെന്നും ബി സി സി ഐ പിന്നീട് ട്വീറ്റ് ചെയ്തു.

#TeamIndia members observe a minute silence before start of play to pay their respects to Bharat Ratna Sushri Lata Mangeshkar ji.#RIPLataJi pic.twitter.com/YfP02zyiuA

— BCCI (@BCCI) February 6, 2022

ഏറെനാളായി മുംബയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുകയായിരുന്നു. ജനുവരി പതിനൊന്നിനാണ് കൊവിഡ് ബാധയെത്തുടർന്ന് ലതാ മങ്കേഷ്‌കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡിന് പിന്നാലെ ന്യുമോണിയ കൂടി പിടിപെട്ടതാണ് രോഗം ഗുരുതരമാക്കിയത്.

പതിമൂന്നാം വയസിൽ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്ന ലതാ മങ്കേഷ്‌കർ നിരവധി ഇന്ത്യൻ ഭാഷകളിലായി 30,000ത്തിലധികം ഗാനങ്ങൾ പാടിയിട്ടുണ്ട്. ഇന്ത്യയുടെ വാനമ്പാടി എന്നാണ് ലതാ മങ്കേഷ്‌കറെ വിശേഷിപ്പിക്കുന്നത്. പദ്മവിഭൂഷൺ, പദ്മഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം തുടങ്ങിയ വിശിഷ്ട പുരസ്‌കാരങ്ങൾ ഗായികയെ തേടിയെത്തി.