
കൊച്ചി: ദിലീപ് പുറത്തുവിട്ട ഓഡിയോ ക്ലിപ്പിൽ പ്രതികരണവുമായി സംവിധായകൻ ബാലചന്ദ്രകുമാർ. ഓഡിയോ ക്ലിപ്പിന്റെ പൂർണരൂപം തന്റെ കൈയിലുണ്ടെന്നും ഉടൻ പുറത്ത് വിടുമെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. രക്ഷപ്പെടാനുള്ള ഒരു പ്രതിയുടെ അവസാനത്തെ കൈകാലിട്ടടിപ്പ് മാത്രമാണ് ഇതെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കി. തനിക്കെതിരായ പീഡന കേസിന് പിന്നിൽ ദിലീപാണെന്നും അദ്ദേഹം ആരോപിച്ചു.
സാമ്പത്തിക പ്രയാസങ്ങൾ അനുഭവിച്ചിരുന്ന സമയത്ത് അവസാനത്തെ കച്ചിത്തുരുമ്പെന്ന നിലയിലാണ് ദിലീപിന് ഓഡിയോസന്ദേശം അയച്ചത്. അതിന് ദിലീപ് മറുപടി പോലും തന്നിരുന്നില്ല. ദിലീപിനോട് ഇതിന് ശേഷം എനിക്ക് പകയുണ്ടെന്നാണ് ഇപ്പോഴത്തെ ആരോപണം. ദിലീപിനോട് തനിക്ക് പകയുണ്ടെന്ന് തെളിയിക്കാനുള്ള യാതൊന്നും ഇപ്പോൾ ദിലീപ് പുറത്തുവിട്ട ഓഡിയോ ക്ലിപ്പിൽ ഇല്ലെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
ബാലചന്ദ്രകുമാറിനെതിരെ കോടതിയിൽ ഹാജരാക്കിയ ശബ്ദസന്ദേശമാണ് ദിലീപ് പുറത്തുവിട്ടത്. ദിലീപിന് ബാലചന്ദ്രകുമാർ അയച്ച വാട്‌സ്ആപ്പ് സന്ദേശമാണ് ദിലീപ് പുറത്തുവിട്ടത്. താൻ പണം കടം വാങ്ങിയവരോട് ദിലീപ് സംസാരിക്കണമെന്ന് ആവശ്യപ്പെടുന്നതാണ് ഓഡിയോയിൽ ഉള്ളത്. നാല് മാസത്തിനകം സിനിമ ഉണ്ടാകുമെന്ന് കള്ളം പറയണം എന്നും ബാലചന്ദ്രകുമാർ ആവശ്യപ്പെടുന്നു. 2021 ഏപ്രിൽ 14ന് അയച്ച സന്ദേശമാണ് ദിലീപ് പുറത്തുവിട്ടിരിക്കുന്നത്.