india-u-19-cricket

ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതമാണെന്ന് വിളംബരം ചെയ്താണ് കരീബിയൻ മണ്ണിൽ അണ്ടർ 19 ലോകകപ്പിന് തിരശീല വീണിരിക്കുന്നത്.ഇതുവരെ നടന്ന 15 ലോകകപ്പുകളിൽ ഒമ്പത് തവണ ഫൈനൽ കളിച്ച ഇന്ത്യയുടെ അഞ്ചാം കിരീടമാണ് യഷ് ദൂൾ കഴിഞ്ഞ രാത്രിയിൽ ഏറ്റുവാങ്ങിയത്. ഇതോടെ ഏറ്റവും കൂടുതൽ തവണ അണ്ടർ19 ലോകകപ്പ് നേടിയ ടീമെന്ന നേട്ടവും ഇന്ത്യയെ തേടിയെത്തി.

എന്നാൽ ഇത്തവണത്തെ കിരീടനേട്ടത്തിന് മറ്റെല്ലാ കിരീടങ്ങളെക്കാളും തിളക്കമുണ്ട്. നിരവധി പ്രതിസന്ധികളെ വകഞ്ഞുമാറ്റിയായിരുന്നു ഇത്തവണത്തെ ഇന്ത്യൻ മുന്നേറ്റം. കൊവിഡ് ബാധിച്ചതിനാൽ ക്യാപ്ടൻ യഷ് ദൂലിനും വൈസ് ക്യാപ്ടൻ ഷെയ്ഖ് റഷീദിനും മൂന്ന് ലീഗ് മത്സരങ്ങളിൽ രണ്ടും നഷ്ടമായി. രോഗം ഏറ്റവും അവശനാക്കിയത് ക്യാപ്ടനെയാണ്. എന്നാൽ രോഗക്കിടക്കയിൽ നിന്ന് കളിക്കളത്തിലേക്ക് തിരിച്ചുവന്ന ദൂൽ ഉജ്ജ്വല പ്രകടനത്തോടെ ഇന്ത്യയെ ഫൈനലിൽ എത്തിച്ചു. സെമിഫൈനലിൽ ആസ്ട്രേലിയയ്ക്കെതിരേ അതിഗംഭീര സെഞ്ച്വറിയും നേടി. റഷീദും സെമിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് സെഞ്ച്വറിക്ക് ആറു റൺസ് അകലെ പുറത്തായി.

ഇവർ ഭാവിയുടെ താരങ്ങൾ

യാഷ് ദൂൾ

നാലുമത്സരങ്ങളിൽ മാത്രമേ ഇന്ത്യൻ ക്യാപ്ടന് കളത്തിലിറങ്ങാൻ കഴിഞ്ഞുള്ളൂ.എന്നാൽ 76.33ശരാശരിയിൽ വാരിക്കൂട്ടിയത് 229 റൺസാണ്.ഓരോ സെഞ്ച്വറിയും അർദ്ധസെഞ്ച്വറിയും. ആസ്ട്രേലിയയ്ക്ക് എതിരെ സെമിയിൽ നേടിയ 110 റൺസ് ഉയർന്ന സ്കോർ.

രാജ് ബവ

പേസ് ബൗളിംഗ് ആൾറൗണ്ടറായി ഇന്ത്യൻ ടീമിലേക്ക് വരാൻ സാദ്ധ്യതയുള്ള താരമാണ് രാജ് ബവ.ആറ് മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ച്വറിയടക്കം 252 റൺസ് നേടിയ രാജാണ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ ഇന്ത്യൻ താരം.ഉഗാണ്ടയ്ക്ക് എതിരെ നേടിയ 162 റൺസാണ് ഉയർന്ന സ്കോർ.16.66 ശരാശരിയിൽ ഒൻപത് വിക്കറ്റുകളും സ്വന്തമാക്കി.

അംഗ്രിഷ് രഘുവംശി

ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ ബാറ്റ്സ്മാനാണ് അംഗ്രിഷ്. ആറ് മത്സരങ്ങളിൽ നിന്ന് ഒാരോ സെഞ്ച്വറിയും അർദ്ധസെഞ്ച്വറിയുമടക്കം നേടിയത് 278 റൺസ്. അംഗ്രിഷിന്റെ സ്ഥിരതയാണ് ഇന്ത്യയുടെ വിജയമുറപ്പിച്ച പ്രധാന ഘടകങ്ങളിലൊന്ന്.

ഷെയ്ഖ് റഷീദ്

ഇന്ത്യൻ വൈസ് ക്യാപ്ടൻ ഷെയ്ഖിനും നാലു മത്സരങ്ങളിലേ കളിക്കാൻ കഴിഞ്ഞുള്ളൂ. രണ്ട് അർദ്ധസെഞ്ച്വറികളടക്കം 201 റൺസ് നേടി. സെമിഫൈനലിൽ 94 റൺസാണ് നേടിയത്.

വിക്കി ഓസ്വാൾ

ടൂർണമെന്റിലെ ഇന്ത്യൻ ടോപ് വിക്കറ്റ് ടേക്കറാണ് ഇടം കയ്യൻ സ്പിന്നറായ വിക്കിയാണ്. ആറുമത്സരങ്ങളിൽ നിന്ന് 12

വിക്കറ്റുകളാണ് വിക്കി നേടിയത്.

രവി​ കുമാർ

ടൂ​ർ​ണ​മെ​ന്റി​ലെ​ രണ്ടാമത്തെ ​ഇ​ന്ത്യ​ൻ​ ​ടോ​പ് ​വി​ക്ക​റ്റ് ​ടേ​ക്ക​റാ​ണ് പേസർ രവി​കുമാർ ​.​ ​ആ​റു​മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് പത്തുവി​ക്കറ്റുകളാണ് രവി​ നേടി​യത്.

കയ്യടി കനിത്കർക്ക്

മുൻ ഇന്ത്യൻ താരം ഋഷികേശ് കനിത്കറാണ് അണ്ടർ-19 ലോകകപ്പിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് കിരീടം ചൂടിയ ഇന്ത്യയുടെ യുവനിരയുടെ പരിശീലകൻ. പരിശീലിപ്പിച്ചത് കനിത്കറിന്റെ കരിയറിൽ എക്കാലവും ഓർമിക്കപ്പെടുന്നതാണ് ഈ ലോകകപ്പ് വിജയം. രാഹുൽ ദ്രാവിഡ് മുഖ്യ പരിശീലകനായിരുന്നപ്പോൾ ബാറ്റിംഗ് കോച്ചായി കഴിഞ്ഞ അണ്ടർ-19 ലോകകപ്പ് ടീമിനൊപ്പം കനിത്കറുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് മുഖ്യ പരിശീലകനായി ചുമതലയേറ്റത്.

കനിത്കറെ ഇന്നും ആരാധകർ ഓർമ്മിക്കുന്നത് 1998ൽ ബംഗ്ലാദേശിൽ നടന്ന ഇന്ത്യ-പാകിസ്ഥാൻ ഇൻഡിപെൻഡൻസ് കപ്പ് ഫൈനലിൽ നേടിയ വിജയ ബൗണ്ടറിയുടെ പേരിലാണ്. അന്ന് ബെസ്റ്റ് ഓഫ് ത്രീയിലെ ആദ്യ ഫൈനലിൽ ഇന്ത്യയും രണ്ടാം ഫൈനലിൽ പാകിസ്ഥാനും വിജയിച്ചു. നിർണായകമായ മൂന്നാം കലാശപ്പോരാട്ടത്തിൽ ഇന്ത്യയ്ക്ക് വിജയിക്കാന്‍ അവസാന രണ്ട് പന്തിൽ വേണ്ടിയിരുന്നത് മൂന്നു റൺസായിരുന്നു. അഞ്ചാം പന്ത് ബൗണ്ടറികടത്തി കനിത്കർ ഇന്ത്യക്ക് വിജയം സമ്മാനിച്ചു.

1948 ലണ്ടൻ ഒളിമ്പിക്സിൽ സ്വർണം നേടിയ ഇന്ത്യൻ ഹോക്കി ടീമംഗം തർലോചൻ സിംഗിന്റെ ചെറുമകനാണ് രാജ് ബവ.രാജ് ബവയുടെ അച്ഛൻ സുഖ്‌വിന്ദർ സിംഗ് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീമംഗം യുവ്‌രാജ് സിംഗിന്റെ കോച്ചായിരുന്നു.