
അഞ്ചുലക്ഷത്തോളം രൂപയുടെ നാശനഷ്ടം
ബാലരാമപുരം: ഐത്തിയൂരിൽ സാമൂഹ്യവിരുദ്ധർ കട കുത്തിത്തുറന്ന് സ്റ്റേഷനറിയുൾപ്പെടെയുള്ള സാധനങ്ങൾ തീയിട്ടുനശിപ്പിച്ചു. ഇന്നലെ പുലർച്ചെ രണ്ടോടെയാണ് സംഭവം. ഐത്തിയൂർ കോവിൽവിളാകത്ത് വീട്ടിൽ അനിയുടെ ഉടമസ്ഥതയിലുള്ള മഹാലക്ഷ്മി സ്റ്റോഴ്സ് ആൻഡ് ബേക്കറിയിലാണ് സംഭവം.
ബൈക്കിലെത്തിയ മൂന്നംഗ അക്രമിസംഘം കട കുത്തിത്തുറന്ന് സാധനങ്ങൾ വാരി പുറത്തിട്ടശേഷം പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നെന്ന് ദൃക്സാക്ഷിയായ നാട്ടുകാരിലൊരാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇയാളാണ് പരിസരവാസികളെയും ഉടമയെയും വിവരമറിയിച്ചത്. നാട്ടുകാരുടെ നേതൃത്വത്തിൽ തീ അണയ്ക്കുകയായിരുന്നു. ഫയർഫോഴ്സും രക്ഷാപ്രവർത്തനത്തിനെത്തി.
ബേക്കറി സാധനങ്ങൾ സൂക്ഷിക്കുന്ന ഷെൽഫ്, സാധനങ്ങൾ എന്നിവ ഉൾപ്പെടെ അഞ്ചുലക്ഷം രൂപയിലധികം നഷ്ടമുണ്ടായെന്ന് ഉടമ അനി പറഞ്ഞു. കഴിഞ്ഞ 30 വർഷമായി ഐത്തിയൂരിൽ ഇദ്ദേഹം ബേക്കറി നടത്തിവരികയാണ്. ബാലരാമപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്ത് നിന്ന് 150 മീറ്റർ മാറിയുള്ള സിസി ടിവി കാമറ ദൃശ്യം പൊലീസ് പരിശോധിച്ചുവരികയാണ്. വിദഗ്ദ്ധസംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. വ്യക്തിവൈരാഗ്യാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്ഥലം സന്ദർശിച്ച സി.പി.എം, ബി.ജെ.പി നേതാക്കൾ അക്രമികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടു.
ഫോട്ടോ: സാമൂഹ്യവിരുദ്ധർ തീയിട്ട് നശിപ്പിച്ച ബേക്കറി