
പാരീസ്: അറ്റ്ലാന്റിക് തീരത്ത് ഫ്രഞ്ച് മേഖലയിൽ ഒരു ലക്ഷത്തിലധികം മത്സ്യങ്ങൾ ചത്തു പൊങ്ങി. എന്നാൽ ഇത് യാദൃച്ഛികമല്ലെന്നും ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മീൻപിടിത്ത യാനമായ എഫ്.വി മാർഗിരിസാണ് ഒരു ലക്ഷത്തിലേറെ മത്സ്യങ്ങളെ ഇങ്ങനെ ഉപേക്ഷിച്ചതെന്നുമാണ് വിവരം. വ്യാഴാഴ്ച പുലർച്ചെ ട്രോളറിന്റെ മത്സ്യബന്ധന വലയിലുണ്ടായ വിള്ളലിനെ തുടർന്ന് ഇവയെ കടലിൽ ഉപേക്ഷിക്കുകയായിരുവെന്നാണ് റിപ്പോർട്ട്. ഏകദേശം 3,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലായിരുന്നു മത്സ്യ എണ്ണയ്ക്ക് ഉപയോഗിക്കുന്ന കോഡ് വിഭാഗത്തിൽപ്പെട്ട മീനുകളെ ചത്തു പൊങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇതോടെ സംഭവത്തിൽ ഫ്രാൻസിലെ ഫിഷറീസ് മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. പരിസ്ഥിതി സംഘടനയായ സീ ഷെപ്പേഡ് ഫ്രാൻസാണ് മീനുകൾ കൂട്ടത്തോടെ ചത്ത് പൊന്തിക്കിടക്കുന്നതിന്റെ വീഡിയോ പങ്കുവച്ചത്. ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇതെന്നും അന്വേഷണത്തിന് ഉത്തരവിട്ടതായും ഫ്രഞ്ച് തീര വകുപ്പു മന്ത്രി അന്നിക് ഗിറാർദിൻ പ്രതികരിച്ചു.