
മുംബയ്: അധികമാർക്കും അറിയാൻ സാദ്ധ്യതയില്ല, എങ്കിലും ഇന്ത്യയിൽ എവിടെ ദേശീയ ക്രിക്കറ്റ് ടീം ഒരു മത്സരം കളിച്ചാലും രണ്ട് കോംപ്ളിമെന്ററി ടിക്കറ്റുകൾ അന്തരിച്ച വിഖ്യാത ഗായിക ലതാ മങ്കേഷ്ക്കറിന് വേണ്ടി ബി സി സി ഐ മാറ്റിവച്ചിരുന്നു. ഇതിന് പിന്നിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെയും ബി സി സി ഐയേയും വലിയൊരു നാണക്കേടിൽ നിന്ന് രക്ഷിച്ച കടപ്പാടിന്റെ കഥയുണ്ട്.
1983ൽ കപിൽ ദേവിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ടീം ആദ്യമായി ലോകകപ്പ് ഉയർത്തിയ സമയം. തിരിച്ച് ഇന്ത്യയിൽ എത്തിയ ടീമിന് വിരോചിതമായ വരവേൽപ്പ് നൽകണം. ഐ സി സിയെ പോലും സ്വാധീനിക്കാൻ സാധിക്കുന്ന ക്രിക്കറ്റിലെ വമ്പൻ സാമ്പത്തിക ശക്തിയായ ബി സി സി ഐ അല്ലായിരുന്നു അന്നത്തെ ഇന്ത്യയുടെ ക്രിക്കറ്റ് ബോർഡ്. ലോകകപ്പുമായി തിരിച്ചെത്തിയ ഇന്ത്യൻ ടീമിനുള്ള ദിവസബത്തയ്ക്കുള്ള വഴി കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു അന്നത്തെ ബി സി സി ഐ പ്രസിഡന്റ് എൻ കെ പി സാൽവെ. ഒരു വഴിക്ക് വേണ്ടി അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റിന്റെ എല്ലാമെല്ലാമായ രാജ്‌സിംഗ് ദുർഗാപൂറിനെ സമീപിച്ചു.
ദുർഗാപൂർ ഒരു വഴി കണ്ടെത്തി. ഒരു സംഗീതനിശ സംഘടിപ്പിക്കുക. അതിൽ നിന്ന് ലഭിക്കുന്ന പണം കൊണ്ട് ഇന്ത്യൻ ടീമിന് വരവേൽപ്പ് നൽകുക. സംഗീതനിശയ്ക്ക് ആര് പാടും എന്ന ചോദ്യത്തിനും ദുർഗാപൂറിന്റെ പക്കൽ ഉത്തരമുണ്ടായിരുന്നു, വലിയൊരു ക്രിക്കറ്റ് ആരാധിക കൂടിയായ ലതാ മങ്കേഷ്ക്കർ. സംഗീത നിശയിൽ പാടുക എന്ന ആവശ്യവുമായി ബി സി സി ഐ ഭാരവാഹികൾ ലതാ മങ്കേഷ്ക്കറിനെ സമീപിച്ചു. സന്തോഷത്തോടെ സമ്മതം മൂളിയ ലതാ മങ്കേഷ്ക്കർ നേതൃത്വം നൽകിയ സംഗീത നിശയിൽ നിന്ന് ബി സി സി ഐ വൻ തുക സമാഹരിച്ചു. അതിൽ നിന്നും ലഭിച്ച തുകയിൽ നിന്ന് ടീമിന് വലിയൊരു വരവേൽപ്പ് നൽകുക മാത്രമല്ല, ഓരോ കളിക്കാരനും ഒരു ലക്ഷം രൂപ വരെ പാരിതോഷികം നൽകുകയും ചെയ്തു. അന്നത്തെ കാലത്ത് ഒരു ലക്ഷം രൂപ എന്ന് പറയുന്നത് വലിയൊരു തുകയായിരുന്നു.

ബി സി സി ഐയുടെ അന്നത്തെ അവസ്ഥ അറിയാമായിരുന്ന കളിക്കാർ തങ്ങളുടെ ലോകകപ്പ് വിജയം ആഘോഷിക്കുന്നതിന് വേണ്ടി അവർക്ക് ലോകകപ്പിൽ നിന്ന് ലഭിച്ച സമ്മാനത്തുകയിൽ നിന്ന് 60,000 രൂപ നീക്കിവച്ചിരുന്നെന്ന് ടീമിലെ മലയാളി സാന്നിദ്ധ്യമായിരുന്ന സുനിൽ വത്സൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ ബി സി സി ഐക്കും ഇന്ത്യൻ ക്രിക്കറ്റിനും വലിയൊരു നാണക്കേട് ആകുമായിരുന്നു. ടീമിന് വരവേൽപ്പ് നൽകാൻ സാധിച്ചില്ലെങ്കിലും കഥ വ്യത്യസ്ഥമാകില്ലായിരുന്നു. ഇതിൽ നിന്നെല്ലാം ഇന്ത്യൻ ക്രിക്കറ്റിനെ കരകയറ്റിയത് ലതാ മങ്കേഷ്ക്കറിന്റെ നല്ല മനസും ക്രിക്കറ്റിനോടുള്ള അവരുടെ അടങ്ങാത്ത സ്നേഹവുമായിരുന്നു.
അന്ന് മുതൽ ഗായിക മരിക്കുന്ന ഇന്ന് വരെ രാജ്യത്ത് നടക്കുന്ന ദേശീയ ടീമിന്റെ എല്ലാ ക്രിക്കറ്റ് മത്സരങ്ങൾക്കും ലതാ മങ്കേഷ്ക്കറിന് വേണ്ടി രണ്ട് ടിക്കറ്റുകൾ ബി സി സി ഐ നീക്കിവച്ചിരുന്നു. അത് ഗായിക പരമാവധി മുതലാക്കുകയും ചെയ്തിരുന്നു.
മുംബയിൽ നടന്നിരുന്ന ഇന്ത്യൻ ടീമിന്റെ ഒരു മത്സരം പോലും ലതാ മങ്കേഷ്ക്കർ പാഴാക്കിയിട്ടില്ലെന്നത് തന്നെ അവരുടെ ക്രിക്കറ്റ് സ്നേഹത്തിന്റെ വലിയ തെളിവാണ്. റെക്കാഡിംഗ് തിരക്കുകൾ രൂക്ഷമായിരുന്ന 1970കളിൽ പോലും ഗായിക ഇന്ത്യൻ ടീമിന്റെ മത്സരങ്ങൾക്ക് വേണ്ടി സമയം കണ്ടെത്തിയിരുന്നു. 1970കളിൽ ചെന്നൈയിൽ നടന്ന ഇന്ത്യ വെസ്റ്റിൻഡീസ് ക്രിക്കറ്റ് മത്സരത്തിന് കാണികളുടെ കൂട്ടത്തിൽ ലതാ മങ്കേഷ്ക്കറും ഇരിക്കുന്ന വീഡിയോ യൂട്യൂബിൽ ലഭ്യമാണ്. ഏതോ ഒരു ഗാനത്തിന്റെ റെക്കാഡിംഗിന് വേണ്ടി ചെന്നൈയിൽ എത്തിയപ്പോൾ ഇന്ത്യൻ ടീമിന്റെ മത്സരം കാണുന്നതിന് വേണ്ടി വന്നതായിരുന്നു അന്ന് അവർ.
ലതാ മങ്കേഷ്ക്കറിന്റെ മരണത്തോടെ നഷ്ടമാകുന്നത് ഒരു വിഖ്യാത ഗായികയെ മാത്രമല്ല, ദുരിതങ്ങളിൽ പോലും ക്രിക്കറ്റിനെയും ദേശീയ ടീമിനെയും മാറോട് ചേർത്തുവച്ചിരുന്ന ഒരു സ്പോർട്സ് ആരാധികയെകൂടിയാണ്.