
കൊല്ലം: മോഷണക്കേസിൽ റിമാൻഡിൽ കഴിയവേ ജാമ്യത്തിലിറങ്ങി മാലമോഷണശ്രമം നടത്തിയ യുവാവ് അറസ്റ്റിൽ. അയത്തിൽ നഗർ 127 വയലിൽ പുത്തൻ വീട്ടിൽ റിയാദാണ് (റിയാമ, 38) അറസ്റ്റിലായത്. കഴിഞ്ഞ 20ന് ഉച്ചയ്ക്ക് 12.40 ഓടെ പരവൂർ കോട്ടപ്പുറത്ത് രത്നമ്മയുടെ കടയിൽ സിഗരറ്റ് വാങ്ങാൻ മോട്ടോർ സൈക്കിളിൽ സുഹൃത്തിനൊപ്പമെത്തിയ ഇയാൾ രണ്ട് പവന്റെ മാല പൊട്ടിക്കാൻ ശ്രമിച്ചു. രത്നമ്മ മാലയിൽ പിടിച്ചതിനാൽ കുറച്ച് ഭാഗം മാത്രമേ നഷ്ടമായുള്ളൂ. സംഭവ ശേഷം ഇയാൾ ഒളിവിൽ പോയി. എറണാകുളത്തുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് അറസ്റ്റ് ചെയ്തത്.
റിയാദ് ഇരവിപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മുന്നണികുളത്ത് ആക്രിക്കടയിൽ മോഷണം നടത്തിയതിന് റിമാൻഡിലായിരുന്നു. കൊട്ടിയം, ചാത്തന്നൂർ, കുണ്ടറ, തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്. തിരുവനന്തപുരം ഫോർട്ട് സ്റ്റേഷൻ പരിധിയിൽ നിന്ന് മോഷ്ടിച്ച ബൈക്കിലാണ് പരവൂരിൽ മോഷണം നടത്തിയത്.
പരവൂർ പൊലീസ് ഇൻസ്പെക്ടർ എ. നിസാറിന്റെ നേതൃത്വത്തിൽ എസ്.ഐ ജയകുമാർ, നിതിൻ നളൻ, എ.എസ്.ഐമാരായ ബൈജു ജെറോം, പ്രമോദ്, എസ്.സി.പി.ഒമാരായ സീനു, മനു, സജു, സി.പി.ഒമാരായ രിബു, രതീഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.