
ആയിരാമത്തെ ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനെ ആറുവിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ
അഹമ്മദാബാദ് : ഏകദിന ക്രിക്കറ്റിലെ തങ്ങളുടെ ആയിരാമത്തെ മത്സരം തകർപ്പൻ വിജയവുമായി ആഘോഷിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം. ഇന്നലെ അഹമ്മദാബാദിൽ വെസ്റ്റ് ഇൻഡീസിനെ ആറുവിക്കറ്റിനാണ് ഇന്ത്യ കീഴടക്കിയത്. ഇതോടെ മൂന്ന് മത്സരപരമ്പരയിൽ ആതിഥേയർ 1-0ത്തിന് മുന്നിലെത്തി.
ആദ്യം ബാറ്റുചെയ്ത വെസ്റ്റ് ഇൻഡീസിനെ 43.5ഓവറിൽ 176 റൺസിന് ആൾഒൗട്ടാക്കിയശേഷം 132 പന്തുകളും ആറ് വിക്കറ്റുകളും ബാക്കിനിൽക്കേ വിജയിക്കുകയായിരുന്നു ഇന്ത്യ. നാലുവിക്കറ്റ് വീഴ്ത്തിയ സ്പിന്നർ യുസ്‌വേന്ദ്ര ചഹലും മൂന്ന് വിക്കറ്റ് വീഴ്ത്തിയ വാഷിംഗ്ടൺ സുന്ദറും രണ്ട് വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് ക്വഷ്ണയും ഒരു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും ചേർന്നാണ് വിൻഡീസ് ബാറ്റിംഗിന്റെ നട്ടെല്ലൊടിച്ചത്.
മറുപടി ബാറ്റിംഗിൽ 60 റൺസ് നേടി രോഹിത് ശർമ്മ വിജയത്തിന് ചുക്കാൻ പിടിച്ചു. ഇഷാൻ കിഷൻ(28),അരങ്ങേറ്റക്കാരൻ ദീപക് ഹൂഡ(26*),സൂര്യകുമാർ യാദവ് (34*) എന്നിവരും ചേസിംഗിൽ തിളങ്ങിയപ്പോൾ വിരാട് കൊഹ്‌ലി (8),റിഷഭ് പന്ത് എന്നിവർക്ക് മാത്രമാണ് (11) തിളങ്ങാൻ കഴിയാതെ പോയത്.
ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ്മ വിൻഡീസിനെ ബാറ്റിംഗിനിറക്കുകയായിരുന്നു.മൂന്നാം ഓവറിൽത്തന്നെ ഷായ് ഹോപ്പിനെ (8) ആൾഒൗട്ടാക്കി സിറാജ് വിൻഡീസിന് ആദ്യ പ്രഹരമേൽപ്പിച്ചിരുന്നു. തുടർന്ന് രണ്ടാം വിക്കറ്റിൽ കാലുറപ്പിക്കാൻ ശ്രമിച്ച ബ്രാൻഡൻ കിംഗിനെയും (13) ഡാരൻ ബ്രാവോയെയും (18) 12-ാം ഓവറിൽ പുറത്താക്കിയ വാഷിംഗ്ടൺ സുന്ദർ വിൻഡീസിന്റെ മുന്നോട്ടുള്ള പോക്കിന് തടയിട്ടു.20-ാം ഓവറിൽ നിക്കോളാസ് പുരാനെ(18)യും നായകൻ കെയ്റോൺ പൊള്ളാഡിനെയും (0) അടുത്തടുത്ത പന്തുകളിൽ പുറത്താക്കി ചഹൽ വിൻഡീസിന്റെ നടുവൊടിച്ചുകളഞ്ഞു. ഇതോടെ സന്ദർശകർ 71/5 എന്ന നിലയിലായി. 78ലെത്തിയപ്പോഴേക്കും ഷമർ ബ്രൂക്ക്സിനെയും (8) ചഹൽ പറഞ്ഞുവിട്ടിരുന്നു. 79-ൽ വച്ച് പ്രസിദ്ധ് അകീൽ ഹൊസെൈനെയും (0) കൂടാരം കയറ്റി.
തുടർന്ന് മുൻ നായകൻ ജാസൺ ഹോൾഡർ (71 പന്തുകളിൽ 57 റൺസ്)നടത്തിയ പോരാട്ടമാണ് വിൻഡീസിനെ 176ലെത്തിച്ചത്. 29 റൺസ് നേടിയ ഫാബിയൻ അല്ലന്റെ പിന്തുണ ലഭിച്ചതോടെ ഹോൾഡർ എട്ടാം വിക്കറ്റിൽ 78 റൺസാണ് കൂട്ടിച്ചേർത്തത്.38-ാം ഓവറിൽ അല്ലനെ പുറത്താക്കി വാഷിംഗ്ടൺ സുന്ദറാണ് സഖ്യം പൊളിച്ചത്.41-ാം ഓവറിൽ പ്രസിദ്ധാണ് ഹോൾഡറെ പന്തിന്റെ കയ്യിലെത്തിച്ചത്.
മറുപടി ഇന്നിംഗ്സിൽ ഇഷാൻ കിഷനാണ് രോഹിതിനൊപ്പം ഓപ്പണിംഗിനിറങ്ങിയത്. ഇവർ 13 ഓവറിൽ 84 റൺസ് കൂട്ടിച്ചേർത്തപ്പോൾ തന്നെ വിജയം ഉറപ്പായിരുന്നു. 14-ാം ഓവറിൽ രോഹിതിനെയും വിരാടിനെയും അൽസാരി ജോസഫ് പുറത്താക്കി.17-ാം ഓവറിൽ ഇഷാനും അടുത്ത ഓവറിൽ റിഷഭും പുറത്തായെങ്കിലും അഞ്ചാം വിക്കറ്റിൽ ഒരുമിച്ച ഹൂഡയും സൂര്യകുമാർ യാദവും ചേർന്ന് ഇന്ത്യയെ 28 ഓവറിൽ വിജയത്തിലെത്തിച്ചു.
ചഹലാണ് മാൻ ഒഫ് ദമാച്ച്
100
യുസ്‌വേന്ദ്ര ചഹൽ ഏകദിനത്തിൽ നൂറ് വിക്കറ്റുകൾ തികച്ചു. തന്റെ 60-ാമത്തെ മത്സരത്തിലാണ് ചഹലിന്റെ നേട്ടം.
44
രോഹിത് ശർമ്മ ഏകദിനത്തിലെ തന്റെ 44-ാമത്തെ അർദ്ധ സെഞ്ച്വറിയാണ് ഇന്നലെ നേടിയത്.
ആയിരത്തിൽ അനന്തനും
ഇന്ത്യയുടെ ആയിരാമത്തെ ഏകദിന മത്സരം നിയന്ത്രിച്ചവരിൽ മലയാളി അമ്പയർ കെ.എൻ അനന്തപത്മനാഭനും. മതസരത്തിൽ ഫീൽഡ് അമ്പയറായിരുന്നു അനന്തൻ.