kk

ഏഴുപതിറ്റാണ്ടു നീണ്ടു നിന്ന സംഗീത ജീവിതത്തിൽ 36 ഭാഷകളിലായി നാല്പതിനായിരത്തോളം ഗാനങ്ങളാണ് ലതാ മങ്കേഷ്കർ പാടിയത്. എന്നാൽ മലയാളത്തിൽ ഒരു പാട്ടുമാത്രമാണ് ലതാ മങ്കേഷ്‌കർ പാടിയത്. രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ല് എന്ന ചിത്രത്തിലെ കദളി കൺകദളി എന്ന ഗനത്തിനാണ് ലതാ മങ്കേഷ്കർ സ്വരസാന്നിദ്ധ്യമായത്. സലിൽ ചൗധരിയായിരുന്നു സംഗീത സംവിധായകൻ . എന്നാൽ ഈ ​ഗാനത്തിന് ശേഷം മലയാളത്തിൽ മറ്റൊരു​ഗാനം ലതാ മങ്കേഷ്കർ ആലപിച്ചിട്ടില്ല. എത്ര ശ്രമിച്ചിട്ടും വഴങ്ങാതെ നിന്ന മലയാള ഭാഷ തന്നെയാണ് അതിന് കാരണമായത്.കദളി കൺകദളി എന്ന ​ഗാനം ശ്രദ്ധ നേടിയെങ്കിലും ഉച്ഛാരണ വൈകല്യം വലിയ വിമർശനങ്ങൾക്ക് കാരണമായി. ഇത് മനസിലാക്കിയാണ് പിന്നീട് മലയാളത്തിൽ പരീക്ഷണം നടത്താൻ ​ഗായിക മുതിരാതിരുന്നത്.

എന്നാൽ നെല്ല് എന്ന സിനിമയ്ക്ക് മുൻപ് തന്നെ മലയാളത്തിലേക്ക് ലതയ്ക്ക് ക്ഷണം കിട്ടിയിരുന്ന. ചെമ്മീൻ സിനിമയിലെ ​ഗാനം ആലപിക്കാൻ. ചിത്രത്തിലെ സം​ഗീത സംവിധായകനായ സലിൽ ചൗധരിയുടെ ക്ഷണം ലതാ മങ്കേഷ്കർ സ്വീകരിച്ചിരുന്നു. ചെമ്മീനിലെ ഹിറ്റ് ഗാനം ‘കടലിനക്കരെ പോണേരേ...’ യാണ് ലതാ മങ്കേഷ്കറെക്കൊണ്ടു പാടിക്കാൻ തീരുമാനിച്ചിരുന്നത്. സലിൽ ചൗധരിയോട് ആദ്യം മടിപറഞ്ഞെങ്കിലും പിന്നീട് അവർ സമ്മതം മൂളി. ലതാ മങ്കേഷ്കറിന്റെ ഉച്ഛാരണം ശരിയാക്കുക എന്നതായിരുന്ന അടുത്ത കടമ്പ. ഇതിനായി നിയോ​ഗിച്ചത് യേശുദാസിനെ. സംവിധായകൻ രാമു കാര്യാട്ടിന്റെ നിർദേശപ്രകാരം ലതാജിയെ പാട്ടു പഠിപ്പിക്കാൻ യേശുദാസ് മുംബയിലേക്ക് പോയി. പക്ഷേ, യേശുദാസ് എത്ര ശ്രമിച്ചിട്ടും മലയാള ഉച്ചാരണം പഠിക്കാൻ ലതയ്‌ക്കു കഴിഞ്ഞില്ല. തനിക്കു വഴങ്ങാത്ത ഭാഷയിൽ പാടാൻ അവർ സമ്മതിച്ചില്ല. അങ്ങനെയാണു ‘കടലിനക്കരെ പോണോരേ...’ യേശുദാസ് പാടുന്നത്.

എങ്കിലും ലതയെ മലയാളത്തിൽ പാടിക്കണം എന്ന ആഗ്രഹം സലിൽ ചൗധരി ഉപേക്ഷിച്ചില്ല അങ്ങനെയാണ് ലതാജിയുടെ മലയാളത്തിലെ ഒരേയൊരു ഗാനം പിറന്നത്.