
ഒരു പൂർണ ജീവിതം പൂർത്തിയാക്കി 92-ാം വയസിൽ നമ്മെ വിട്ടുപിരിഞ്ഞു ലതാ മങ്കേഷ്‌കർ .അവർ നൽകിയ സന്ദേശം എന്തെന്നചോദ്യത്തിന് ലളിതമാണ് ഉത്തരം : സംഗീതമേ ജീവിതം ! ഭർത്താവും മക്കളും ചേർന്ന ഒരു കുടുംബം എന്ന സാധാരണ ജീവിതസങ്കല്പം ഉപേക്ഷിച്ച ലത സ്ത്രീയുടെ അസാമാന്യമായ വിജയശേഷിയുടെ ഉത്തമദൃഷ്ടാന്തം കൂടിയാണ്. സ്ത്രീ ഏറ്റവും ഹീനമായ ചൂഷണത്തിനും അടിച്ചമർത്തലിനും അവഗണനയ്ക്കും വിധേയമാക്കപ്പെടുന്ന ഇന്നത്തെ ഇന്ത്യയിൽ വിശേഷിച്ചും.
ലതാജിയുടെ ഏറ്റവും ഇഷ്ടപ്പെട്ട ഗാനങ്ങൾ ഒാർത്തെടുക്കുക വളരെ പ്രയാസം. മുഹമ്മദ് റഫിസാഹിബിന്റെയോ കെ.ജെ. യേശുദാസിന്റെയോ എസ് പി ബിയുടെയോ എസ്. ജാനകിയുടെയോ പാട്ടുകളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഒാർത്തുപറയാൻ ശ്രമിച്ചാലും അതിന് അവസാനമുണ്ടാവുക പ്രയാസമാണല്ലോ.
ഞാൻ കൊച്ചുകുട്ടിയായിരിക്കുമ്പോൾ കേട്ട്, അത്‌ഭുതപ്പെട്ട `ആജാരേ... പരദേശി ' എന്ന ഗാനമാണ് ലതാജിയുമായി ബന്ധപ്പെട്ട് ആദ്യം ഒാർമ്മയിലെത്തുന്നത്. സലിൽ ചൗധരിയാണ് സംഗീതമൊരുക്കിയിരിക്കുന്നത്. പിന്നീട് ചെറുപ്പമായപ്പോൾ ആ മനോഹര ഗാനം അടങ്ങുന്ന `മധുമതി' എന്ന കറുപ്പും വെളുപ്പും ചിത്രം ആവർത്തിച്ചുകണ്ടിട്ടുണ്ട്. അപ്പോഴെല്ലാം അതിലെഗാനങ്ങൾ മാരിവിൽ ശോഭയോടെ മനസ് ഉണർത്തിയിട്ടുണ്ട്. മന്നാഡേയും മുകേഷുമായി ചേർന്ന് ഒാരോ ഗാനങ്ങൾക്കു പുറമേ തനിച്ച് ലതാജി മൂന്ന് വശ്യഗാനങ്ങളും മധുമതിയിൽ ആലപിച്ചിട്ടുണ്ട്. പ്രണയം, ദുഃഖം, നർമ്മം, ആഹ്‌ളാദം, വിരഹം, ദേശാഭിമാനം, ഭക്തി, വാത്സല്യം ഉന്മേഷം എന്നുതുടങ്ങി വ്യത്യസ്ത മാനസിക ഭാവങ്ങൾ സന്ദർഭോചിതമായി ആലാപനത്തിൽ ലയിപ്പിക്കുവാൻ മഹാഗായകർക്കുള്ള അനുപമ സിദ്ധിയും സാധനയും ലതാജിയുടെ ഗാനങ്ങളിൽ നമുക്ക് അനുഭവിച്ചറിയാനാവും.
രാജ്കപൂറിന്റെ `ശ്രീ 420' യിലെ `രമയ്യാവസ്താമയ്യാ'യും , താജ്മഹലിലെ `ജൊവാദാ കിയാവോ നിഫാനാ പടേഗാ' യും (രണ്ടും മുഹമ്മദ് റഫിയുമൊത്ത്) നൗഷാദ് സാബ് സംഗീതം പകർന്ന മുഗൾ ഇ ആസം`' എന്ന പ്രശസ്ത ചിത്രത്തിലെ `പ്യാർകിയാ തൊ ടർനാ ക്യാ' യും ഒക്കെ എന്തെന്തു വ്യത്യസ്ത ഭാവലോകങ്ങളാണ് സൃഷ്ടിക്കുന്നത്.
ഏഴുപതിറ്റാണ്ടിലധികം നീണ്ടുനിന്ന ലതാജിയുടെ സംഗീത സപര്യയ്ക്കു പിന്നിൽ സ്വന്തം അർപ്പണ ബോധമാണ് ഏറ്റവും പ്രധാന ഘടകം. അതോടൊപ്പം ആദ്യ ഗുരുവായ അച്ഛൻ ദീനാനാഥ് മങ്കേഷ്‌കറും, 13-ാം വയസിൽ അച്ഛൻ മരിച്ചതിനെതുടർന്ന് സംഗീതം പഠിപ്പിച്ച ഉസ്താദ് അമാൻ അലിഖാനും ഏറ്റവും ബലിഷ്ഠമായ ശാസ്ത്രീയ സംഗീതഅടിത്തറ ഒരുക്കി.
ലതാജിയുടെ അച്ഛൻ ദീനനാഥിന്റെ അമ്മ, സംഗീത നൃത്തകലകളിൽ വിദുഷിയായ , ദേവദാസി പാരമ്പര്യത്തിൽ നിന്നുള്ള കലാകാരിയായിരുന്നു എന്നതും പ്രസക്തമാണ്. മക്കളിൽഏറ്റവും മൂത്ത ലതാജിയുടെ സഹോദരങ്ങളായ മീന, ആശ, ഉഷ, ഹൃദയനാഥ് എന്നിവരെല്ലാം സംഗീത ലോകത്ത് പ്രാഗൽഭ്യം തെളിയിക്കുകയും ചെയ്തു.
സംഗീത സംവിധായകനായ ഗുലാം ഹൈദർ യുവതിയായിരുന്ന ലതയുടെ ഭാവിവളർച്ചയിൽ വളരെവലിയ പ്രോത്സാഹനവും പിന്തുണയും സംരക്ഷണവുമാണ് നൽകിയ ത്. അന്ന് സിനിമാ നിർമ്മാതാക്കൾക്ക് സംവിധായകരേക്കാൾ വളരെ വലിയ പ്രാമാണികതയാണ് പൊതുവെ തീരുമാനങ്ങളിൽ ഉണ്ടായിരുന്നത് .അതിനാൽ ഒരു പ്രധാന സിനിമയിൽ ലതയ്ക്ക് അവസരം നൽകാനുള്ള ഗുലാം ഹൈദറിന്റെ അഭിപ്രായം അതിന്റെ നിർമ്മാതാവ് സശാധർ മുഖർജി നിരസിച്ചു.
ശബ്ദം വേണ്ടത്ര ശരിയല്ല എന്നായിരുന്നു കാരണം പറഞ്ഞത്! ഭാവിയിൽ ഇൗ ഗായിക എന്റെ സിനിമയിൽ പാടണമെന്ന അപേക്ഷയുമായി നിർമ്മാതാക്കൾ ലതയുടെ കാലുപിടിക്കുവാൻ വരിവരിയായെത്തുമെന്ന് ഗുലാംഹൈദർ അന്ന് രോഷാകുലനായി പ്രതികരിച്ചു എന്നതും ചരിത്രം. അത് വലിയൊരു സംഗീത പ്രവചനമായി മാറി.
ഇന്ന് വർഗീയമായ മാറ്റിനിർത്തലുകളുടെ രംഗമായി ബോളിവുഡ് മാറിക്കൊണ്ടിരിക്കുമ്പോൾ നൗഷാദ് സാബും മുഹമ്മദ് റഫിയും പോലുള്ളവർ മാത്രമല്ല നമ്മുടെ ചലച്ചിത്രകലയുടെ ചരിത്രത്തിലെ മതാതീത വൈവിദ്ധ്യത്തിന്റെ യശ്സ്തംഭങ്ങൾ. ലതാജിയുടെ സംഗീത വളർച്ചയ്ക്കുപിന്നിലും ഉസ്താദ് അമാൻ അലിഖാനെയും സംഗീതസംവിധായകപ്രതിഭയായ ഗുലാം ഹൈദറിനെയും പോലുള്ളവർ ഉണ്ടെന്ന കാര്യം കലയേയും മനുഷ്യരാശിയേയും സമാധാനത്തേയും സ്നേഹിക്കുന്നവർ മറന്നുകൂടാ.
മുപ്പത്തിയഞ്ചു ഭാഷകളിൽ ലതാജി പാടിയിട്ടുണ്ട്.
പാടിയ പാട്ടുകളുടെ എണ്ണം തിട്ടപ്പെടുത്തുക പ്രയാസമാണ്. മുഹമ്മദ് റഫി സാബിന്റെ കാര്യത്തിലും കെ.ജെ. യേശുദാസെന്ന , ദാസേട്ടന്റെ കാര്യത്തിലും അതേ അവസ്ഥ തന്നെ.
നെല്ല് എന്ന പി. വത്സലയുടെ നോവലിന്റെ ചലച്ചിത്രാവിഷ്കാരത്തിലൂടെയാണ് ലതാമങ്കേഷ്‌ക്കറിന്റെ സ്വരമാധുരി മലയാളത്തിൽ എത്തിച്ചേരുന്നത്. സലിൽ ചൗധരി വഴി രാമുകാര്യാട്ട് നടത്തിയ ശ്രമമാണ് അതിന് പിന്നിൽ. വയലാർ രചിച്ച കദളീ കൺകദളി എന്ന ഗാനം ചിത്രത്തിൽ ആലപിക്കുന്നതായി ചുണ്ടനക്കാൻ ജയഭാരതിക്കാണ് ഭാഗ്യമുണ്ടായത്. മോഹനും ഒപ്പം വയനാടിന്റെ പശ്ചാത്തലവും ലതാജിയുടെ ഇൗ ഗാനരംഗത്തുണ്ട്.
ഇന്ത്യൻ സംഗീത ലോകത്തെ ഇൗ അതുല്യ പ്രതിഭയുടെ ഒാർമ്മയ്ക്കുമുന്നിൽ പ്രണാമങ്ങൾ.