
ലണ്ടൻ: ബ്രിട്ടനിൽ എലിസബത്ത് രാജ്ഞി അധികാരത്തിലെത്തിയിട്ട് 70 വർഷം.ഏ റ്റവും കൂടുതൽ കാലം ബ്രിട്ടിഷ് രാജസിംഹാനത്തിലിരുന്ന വ്യക്തിയെന്ന റെക്കാഡ് സ്വന്തമായുള്ള എലിസബത്ത് രാജ്ഞിയുടെ രാജപദവിയുടെ സപ്തതിയായിരുന്നു ഇന്നലെ.പിതാവ് ജോർജ് ആറാമന്റെ ചരമദിനം കൂടിയായതിനാൽ ഇന്നലെ ആഘോഷ പരിപാടികളൊന്നുമുണ്ടായിരുന്നില്ല. എന്നാൽ ജൂണിൽ രാജ്ഞിയുടെ ഭരണത്തിന്റെ പ്ലാറ്റിനം ജൂബിലി, വിപുലമായ പരിപാടികളോടെ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബക്കിങ്ഹാം കൊട്ടാരം.വാർഷികത്തോടനുബന്ധിച്ച് രാജ്യവ്യാപക പുഡിംഗ് മത്സരങ്ങൾ, സൈനിക പരേഡുകൾ, പാർട്ടികൾ എന്നിവ സംഘടിപ്പിക്കും. ആഘോഷപരിപാടികളുടെ ഭാഗമായി ജൂൺ രണ്ട് മുതൽ അഞ്ച് വരെ നാല് ദിവസം പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 1952 ഫെബ്രുവരി ആറിനാണ് നിലവിൽ 95 വയസുള്ള എലിസബത്ത് രാജ്ഞിയായത്. 63 വർഷം രാജ്ഞിയായിരുന്ന വിക്ടോറിയയുടെ റെക്കോർഡ് 7 വർഷം മുൻപ് എലിസബത്ത് മറികടന്നിരുന്നു. ബ്രിട്ടിഷ് രാജ പദവിയിലെത്തിയ നാൽപതാമത്തെ വ്യക്തിയാണ് എലിസബത്ത് രാജ്ഞി. എലിസബത്ത് രാജ്ഞിയുടെ ഭരണകാലത്ത് വിൻസ്റ്റൺ ചർച്ചിൽ മുതൽ 14 പേർ ബ്രിട്ടിഷ് പ്രധാനമന്ത്രിമാരായി. ലോകത്ത് ഏറ്റവും കൂടുതൽ കറൻസികളിൽ പടമുള്ള ഭരണാധികാരിയെന്ന ബഹുമതിയോടെ ഗിന്നസ് റെക്കാഡും രാജ്ഞി സ്വന്തമാക്കിയിട്ടുണ്ട്. കൊവിഡിനെ തുടർന്ന് അടുത്ത കാലത്തായി രാജ്ഞി പൊതുചടങ്ങുകളിൽ പങ്കെടുക്കുന്നത് കുറച്ചിരിക്കുകയാണ്.
കമില രാജ്ഞിയായി അറിയപ്പെടണമെന്ന് ആഗ്രഹം : എലിസബത്ത് രാജ്ഞി
തന്റെ കാലശേഷം മകനായ ചാൾസ് രാജകുമാരൻ രാജാവാകുമ്പോൾ, അദ്ദേഹത്തിന്റെ ഭാര്യ കാമില, രാജ്ഞിയെന്ന് അറിയപ്പെടണമെന്ന് അതിയായ ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കി എലിസബത്ത് രാജ്ഞി. ജനങ്ങൾ തനിക്ക് നൽകിയ പിന്തുണയും സ്നേഹവും , രാജാവാകുമ്പോൾ ചാൾസിനും കാമിലയ്ക്കും നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും രാജ്ഞി കൂട്ടിച്ചേർത്തു. കിരീടാവകാശിയായതിന്റെ 70ാം വാർഷികാഘോഷവേളയിൽ, രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസ്താവനയിലാണ് എലിസബത്ത് ഇക്കാര്യം പരാമർശിച്ചത്.
ചാൾസിന്റെ ആദ്യ ഭാര്യ ഡയാനയുടെ മരണ ശേഷം 2005 ലാണ് ചാൾസും കാമിലയും വിവാഹിതരായത്. നിലവിൽ ഡച്ചസ് ഒഫ് കോൺവാൾ എന്നാണ് കാമില അറിയപ്പെടുന്നത്.