തിരുവനന്തപുരം: അമ്പലംമുക്കിൽ നെ‌ടുമങ്ങാട്ടുകാരിയായ ജീവനക്കാരി വിനിതമോൾ കുത്തേറ്റ് മരിച്ച അലങ്കാരച്ചടിക്കടയിൽ നിന്ന് എന്തെങ്കിലും ബഹളമോ ഒച്ചയോ ആരും കേട്ടില്ല. റോഡരികിലുള്ള കടയോട് ചേർന്ന് നിരവധി വീടുകളുണ്ട്. അവരാരും അസ്വാഭാവികമായ ഒന്നും കാണുകയോ കേൾക്കുകയോ ഉണ്ടായില്ല. പ്രതിയെ കണ്ടുപിടിക്കാൻ അന്വേഷണം ഊർജ്ജിതമാക്കിയതായി പേരൂർക്കട സി.ഐ വി. സജികുമാർ 'കേരളകൗമുദി'യോട് പറഞ്ഞു. സി.സി ടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചുവരികയാണ്. അവധിദിനമായതിനാൽ വിരലടയാള വിദഗ്ദ്ധരടക്കമുള്ളവർ വൈകിയാണ് സംഭവസ്ഥലത്തെത്തിയത്. പൊലീസ് നായ അലങ്കാര വില്പനശാലയുടെ പിന്നിലേക്കാണ് ഓടിയത്. വിനിതയുടെ മൊബൈൽ ഫോൺ വിവരങ്ങളടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിന് മുൻപ് ആരൊക്കെയാണ് വിളിച്ചതെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. എം.എൽ.എ വി.കെ. പ്രശാന്ത്, സിറ്റി പൊലീസ് കമ്മിഷണർ സ്‌പർജൻ കുമാർ തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു.