
അഹമദാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് 43.5 ഓവറില്‍ 176ന് പുറത്തായി. മറുപടി ബാറ്റിംഗില്‍ 28 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി. 51 പന്തിൽ 60 റണ്ണെടുത്ത ക്യാപ്ടൻ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. യൂസ്‌വേന്ദ്ര ചാഹലിന്റെ നാല് വിക്കറ്റ് പ്രകടനവും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. ചാഹലാണ് കളിയിലെ കേമൻ.
മറുപടി ബാറ്റിംഗിൽ മികച്ച തുടക്കമാണ് ഓപ്പണർമാരായ രോഹിത് ശമ്മയും യുവതാരം ഇഷാൻ കിഷനും ചേന്ന് ഇന്ത്യയ്ക്ക് നൽകിയത്. 84 റൺസ് അടിച്ചുകൂട്ടിയ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുക്കെട്ടിന് ശേഷം 116-4 എന്ന നിലയിലേക്ക് ഇന്ത്യ തകർന്നു. മുൻ ക്യാപ്ടൻ വിരാട് കൊഹ്ലി എട്ട് റണ്ണുമായി ഔട്ടായപ്പോൾ ഇഷാൻ കിഷനും (28) റിഷഭ് പന്തും (11) അടുത്തടുത്ത ഓവറുകളില്‍ പുറത്തായി. ഇതോടെയാണ് ഇന്ത്യ സമ്മർദ്ദത്തിലായത്. എന്നാൽ കൂടുതൽ വിക്കറ്റ് നഷ്ടം കൂടാതെ സൂര്യകുമാര്‍ യാദവും (34), ദീപക് ഹൂഡയും (26) ഇന്ത്യയുടെ വിജയം പൂര്‍ത്തിയാക്കി.
നേരത്തെ ഇന്ത്യ ഒരുക്കിയ സ്പിൻ കുരുക്കിൽപെട്ട് വെസ്റ്റിൻഡീസ് തകർന്നടിയുകയായിരുന്നു. ടോസ് നേടി വെസ്റ്റിൻഡീസിനെ ബാറ്റിംഗിന് അയച്ച ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ തീരുമാനം ശരിയായിരുന്നെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു ഇന്ത്യൻ ബൗളിംഗ് നിരയുടേത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് 43.5 ഓവറിൽ 176 റണ്ണിന് എല്ലാവരും പുറത്തായി. 57 റണ്ണെടുത്ത ജേസൺ ഹോൾഡറിന്റെ പ്രകടനം കൂടിയില്ലായിരുന്നെങ്കിൽ വെസ്റ്റിൻഡീസിന്റെ അവസ്ഥ ഇതിലും ദയനീയമാകുമായിരുന്നു.
സ്പിന്നർമാരായ വാഷിംഗ്ടൺ സുന്ദറും യുസ്‌വേന്ദ്ര ചാഹലും ചേർന്നാണ് വെസ്റ്റിൻഡീസിന്റെ നടുവ് ഒടിച്ചത്. ചാഹൽ നാലും സുന്ദർ മൂന്നും വിക്കറ്റുകളെടുത്തു. പ്രസീദ് കൃഷ്ണ ഒരു വിക്കറ്റും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും നേടി വിക്കറ്റ് വേട്ടയിൽ പങ്കാളികളായി.