
മുംബയ്: ഗായികയായി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് വർഷങ്ങൾക്ക് മുമ്പ് തന്നെ ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്ക്കർ തന്റെ സിനിമാപ്രവേശനം നടത്തിയിരുന്നു. പക്ഷേ ഗായികയായല്ല, മറിച്ച് ഒരു അഭിനേത്രിയായിട്ടായിരുന്നു ലതാ മങ്കേഷ്ക്കറിന്റെ സിനിമാ അരങ്ങേറ്റം. 1942ൽ ഇറങ്ങിയ മാസ്റ്റർ വിനായകിന്റെ പെഹ്ലി മംഗളാ ഗൗർ എന്ന ചിത്രത്തിലൂടെയായിരുന്നു ലതാ മങ്കേഷ്ക്കറിന്റെ സിനിമാ അരങ്ങേറ്റം. ഇതേ ചിത്രത്തിൽ ലതാ മങ്കേഷ്ക്കർ ഒരു പാട്ടും പാടിയിരുന്നു.
പിതാവിന്റെ മരണത്തിന് ശേഷം തന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കുന്നതിന് വേണ്ടിയായിരുന്നു ലതാ മങ്കേഷ്ക്കർ തന്റെ 13ാം വയസിൽ ക്യാമറയ്ക്ക് മുമ്പിൽ എത്തുന്നത്. എന്നാൽ തന്റെ അഞ്ചാമത്തെ വയസിൽ തന്നെ ലതാ മങ്കേഷ്ക്കർ അഭിനയജീവിതം തുടങ്ങിയിരുന്നു. തന്റെ പിതാവിന്റെ സംഗീത നാടക കമ്പനിയിലൂടെയായിരുന്നു ലതാ മങ്കേഷ്ക്കറിന്റെ അഭിനയജീവിതത്തിന്റെ തുടക്കം.
തന്റെ അഞ്ചാമത്തെ വയസിലാണ് ലതാ മങ്കേഷ്ക്കർ ആദ്യമായി സ്റ്റേജിൽ കയറുന്നത്. പിതാവ് പണ്ഡിറ്റ് ദീനാനാഥ് മങ്കേഷ്ക്കറിന്റെ തന്നെ ഒരു നാടകത്തിലൂടെയായിരുന്നു അരങ്ങേറ്റം. ആദ്യ നാടകത്തിൽ തന്നെ വളരെയേറെ പ്രശംസ പിടിച്ചുപറ്റാൻ ലതാ മങ്കേഷ്ക്കറിന് സാധിച്ചിരുന്നെങ്കിലും അഭിനയ ജീവിതം അവർക്ക് വലിയ താത്പര്യം ഇല്ലായിരുന്നു. മറിച്ച് സംഗീതത്തോടായിരുന്നു പ്രണയം. മുഖത്ത് ചായം പൂശി ഓരോരോ കഥാപാത്രങ്ങളാകാൻ തനിക്ക് താത്പര്യമില്ലെന്നായിരുന്നു ഇതിനെക്കുറിച്ച് ഒരിക്കൽ ഒരു അഭിമുഖത്തിൽ ലതാ മങ്കേഷ്ക്കർ പറഞ്ഞത്.
1947 വരെ ഏതാനും ചില സിനിമകളിലും നാടകങ്ങളിലും ലതാ മങ്കേഷ്ക്കർ തുടർന്നും അഭിനയിച്ചിരുന്നു. 1947 മാസ്റ്റർ വിനായക് അന്തരിച്ച ശേഷം പിന്നെ ലതാ മങ്കേഷ്ക്കർ അഭിനയ രംഗത്ത തുടർന്നില്ല. അതിന് ശേഷമാണ് ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് തിരിയുന്നതും ഇന്ത്യയുടെ വാനമ്പാടി എന്ന പേര് സ്വന്തമാക്കുന്നതും.