ffff

സിഡ്നി : മ്യാൻമറിൽ സൈനിക അട്ടിമറിക്ക് പിന്നാലെ ഒരു വർഷക്കാലമായി തടവിൽ കഴിയുന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ സീൻ ടർണലിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ആസ്ട്രേലിയ. മ്യാൻമർ മുൻ പ്രസിഡന്റ് ആങ് സാങ് സൂ ചിയുടെ ഉപദേശകനായി സേവനമനുഷ്ഠിക്കുകയായിരുന്ന ആസ്ട്രേലിയൻ പൗരനായ ടർണലിനെ കഴിഞ്ഞ ഫെബ്രുവരിയിലാണ് സൈന്യം തടവിലാക്കിയത്. ആസ്‌ട്രേലിയയിൽ സാമ്പത്തിക ശാസ്ത്ര അദ്ധ്യാപകനായിരുന്നു ടർണൽ പിന്നീട് മ്യാൻമറിലെത്തുകയായിരുന്നു. മ്യാൻമറിന്റെ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചെന്നാരോപിച്ചായിരുന്നു അറസ്റ്റ്. കുറ്റം തെളിഞ്ഞതായി കണ്ടെത്തിയാൽ ടർണലിന് 14 വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം. അതേ സമയം ടർണലിനെതിരെയുള്ള സൈനിക നടപടി അന്യായമാണെന്ന് ആസ്ട്രേലിയൻ വിദേശകാര്യ മന്ത്രി മരീസ് പെയ്ൻ പറഞ്ഞു.

സെപ്റ്റംബറിൽ അദ്ദേഹത്തിന്റെ വാദം കോടതിയിൽ കേൾക്കുന്നതിന് ആസ്ട്രേലിയൻ എംബസിക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ഇതിനെതിരെ ആസ്ട്രേലിയയും നിരവധി മനുഷ്യാവകാശ സംഘടനകളുംം രംഗത്തെത്തിയിരുന്നു. ടർണലിന് തന്റെ അഭിഭാഷകരുമായി തടസമില്ലാതെ ആശയവിനിമയം നടത്താനുള്ള സൗകര്യം ഉണ്ടാക്കണമെന്ന് മരീസ് പെയ്ൻ ആവശ്യപ്പെട്ടു. സൈനിക അട്ടിമറിക്ക് ശേഷം അട്ടിമറിക്ക് ശേഷം ബി.ബി.സിയുമായി ഫോണിൽ അഭിമുഖം നല്കുന്നതിനിടയിലാണ് ടർണലിനെ സൈന്യം തടവിലാക്കുന്നത്. താൻ ഇപ്പോൾ സൈന്യത്തിന്റെ തടങ്കലിലാണെന്നും എന്നാൽ എന്ത് കുറ്റത്തിനാണ് ഈ ശിക്ഷയെന്ന് മനസിലാകുന്നില്ലെന്നുമായിരുന്നു ടർണലിനെ ആദ്യ പ്രതികരണം. സൈനിക അട്ടിമറിക്ക് ശേഷം സൈന്യത്തിനെതിരെ നടന്ന ജനകീയ പ്രക്ഷോഭങ്ങളിൽ 1500 ലധികം പേർ കൊല്ലപ്പെടുകയും 12,000 ത്തോളം പേർ തടവിലാക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. അതേ സമയം സൈനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട ആങ് സാങ് സൂ ചിക്ക് 4 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. കോവിഡ് ചട്ടം ലംഘിച്ചു, വോക്കി ടോക്കി ഇറക്കുമതി ചെയ്തു ഉപയോഗിച്ചു തുടങ്ങിയ കുറ്റങ്ങളിലാണ് സൈനിക കോടതി ശിക്ഷ വിധിച്ചത്.