rahul-gandhi

ന്യൂഡല്‍ഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ചരൺജിത്ത് സിംഗ് ഛന്നിയെ രാഹുൽ ഗാന്ധി ഇന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ എന്ത് അധികാരത്തിന്റെ പേരിലാണ് രാഹുൽ ഗാന്ധി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത് എന്ന വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബി.ജെ.പി.

രാഹുൽ ഗാന്ധി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഒരു സ്ഥാനവും വഹിക്കുന്നില്ലെന്നും അതിനാല്‍ പ്രഖ്യാപനം നടത്താന്‍ എന്ത് അധികാരമാണ് അദ്ദേഹത്തിനുള്ളതെന്നും കേന്ദ്ര ജലശക്തി മന്ത്രിയും ബി.ജെ.പി നേതാവുമായ ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ചോദിച്ചു. കോണ്‍ഗ്രസിന്റെ എം.പിമാരില്‍ ഒരാള്‍ മാത്രമാണ് രാഹുല്‍ ഗാന്ധിയെന്നും പാര്‍ട്ടിയില്‍ അദ്ദേഹത്തിന് എന്ത് അധികാരമാണുള്ളതെന്ന് പഞ്ചാബിലെ ജനങ്ങള്‍ക്ക് അറിയണമെന്നും അദ്ദേഹം പറഞ്ഞു. 2019ല്‍ ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഗാന്ധി' എന്ന കുടുംബപ്പേര് ഉള്ളത് മാത്രമാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ഏക യോഗ്യതയെന്നും ഷെഖാവത്ത് പരിഹസിച്ചു