neha-shetty

ഹൈദരാബാദ്: തന്റെ പുതിയ ചിത്രമായ ഡി ജെ തില്ലുവിന്റെ ട്രെയിലർ ലോഞ്ചിനിടെ തന്നോട് അശ്ലീലച്ചുവയുള്ള ചോദ്യം ചോദിച്ച മാദ്ധ്യമപ്രവർത്തകനെതിരെ പരസ്യ പ്രതികരണവുമായി തെലുങ്ക് നടി നേഹ ഷെട്ടി. ചിത്രത്തിന്റെ നായകൻ സിദ്ധു ജൊന്നലെഗഡയോടായിരുന്നു മാദ്ധ്യമപ്രവർത്തന്റെ ചോദ്യമെങ്കിലും നടിയെ ആ ചോദ്യം അസ്വസ്ഥമാക്കിയെന്ന് അവരുടെ മുഖത്തെ പ്രതികരണത്തിൽ നിന്ന് തന്നെ വ്യക്തമായിരുന്നു. നായകൻ സിദ്ധു ചോദ്യത്തിന് ഉത്തരം പറയാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയെങ്കിലും ട്രെയിലർ ലോഞ്ചിൽ കൂടെയുണ്ടായിരുന്ന മറ്റ് മാദ്ധ്യമപ്രവർത്തകർ ഇയാൾക്കെതിരെ രംഗത്ത് വരികയായിരുന്നു.

എന്നാൽ തന്റെ ചോദ്യത്തെ ന്യായീകരിച്ച ഇയാൾ ഡി ജെ തില്ലു ഒരു പ്രണയചിത്രമായതിനാലാണ് താൻ അത്തരത്തിലൊരു ചോദ്യം ചോദിച്ചതെന്ന് മറുപടി നൽകി. മാദ്ധ്യമപ്രവ‌ർത്തകന്റെ ഈ ന്യായീകരണം എത്തിയതോടെയാണ് നേഹാ ഷെട്ടി പ്രതികരണവുമായി എത്തിയത്. മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം നി‌ർഭാഗ്യകരമാണെന്നും അതിന് ശേഷം അയാൾ നടത്തിയ പ്രതികരണം സമൂഹത്തിലും തന്നോടൊപ്പം ജോലി ചെയ്യുന്ന സ്ത്രീകളോടും തന്റെ വീട്ടിലുള്ള സ്ത്രീകളോടും അയാൾ കാണിക്കുന്ന ബഹുമാനകുറവിനുള്ള ഉദാഹരണമാണെന്നും നേഹ പറഞ്ഞു.

ചിത്രത്തിന്റെ നി‌ർമാതാവ് മാദ്ധ്യമപ്രവ‌ത്തകന് വേണ്ടി പിന്നീട് നടിയോട് ക്ഷമ ചോദിച്ചു. ചിത്രത്തിൽ തന്റെ നായികയായി അഭിനയിച്ച നേഹ ഷെട്ടിയുടെ ശരീരത്തിൽ എത്ര മറുകുകളുണ്ടെന്ന് എപ്പോഴെങ്കിലും എണ്ണി നോക്കിയിട്ടുണ്ടോ എന്നായിരുന്നു മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം.

Idi mana journalism 🤢 #DJTillu pic.twitter.com/z4v7mrll5v

— SaRath (@SaRath_Tweetss) February 2, 2022