
ക്വട്ടേഷൻ ഫലം കണ്ടില്ല; മകനെ തെറ്റിദ്ധരിപ്പിച്ച് ആക്രമണം
കൊച്ചി: ചെരുപ്പുതുന്നൽ തൊഴിലാളിയെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അമ്മയും മകനും അറസ്റ്റിലായി. ആലുവ കോമ്പാറ ചാല പാടത്ത് കരിമുട്ടം വീട്ടിൽ സോളി ബാബു (ഓട്ടോ റാണി -43), മകൻ സാവിയോ ബാബു(23) എന്നിവരാണ് പിടിയിലായത്. എറണാകുളം ജോസ് ജംഗ്ഷന് സമീപം ചെരുപ്പു തുന്നി ജീവിക്കുന്ന ജോയിയാണ് (കൊച്ചു ജോയി) കഴിഞ്ഞ മാസം 24ന് ആക്രമണത്തിന് ഇരയായത്. തലയ്ക്കും ദേഹത്തും വെട്ടേറ്റ ജോയി ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ ജോയി ഒന്നര വർഷം മുമ്പാണ് ജോസ് ജംഗ്ഷനിൽ ചെരുപ്പു തുന്നൽ തുടങ്ങിയത്. കഴിഞ്ഞ ഒക്ടോബറിൽ ജോയിയും സോളിയും തമ്മിൽ അടിപിടിയുണ്ടായി. സോളി സൗത്ത് ഗേൾസ് ഹൈസ്കൂളിന് സമീപം ഓട്ടോറിക്ഷ ഓടിക്കുന്നു എന്ന വ്യാജേന അനാശാസ്യ പ്രവർത്തനങ്ങൾ നടത്തുന്നതായിരുന്നു കാരണം. ജോയിയുടെ അടിയേറ്റ് അന്ന് സോളിയുടെ കൈയൊടിഞ്ഞു. ഈ കേസിൽ അറസ്റ്റിലായ ജോയി ജാമ്യത്തിലിറങ്ങിയ ശേഷവും സോളിയെ സ്കൂളിന്റെ പരിസരത്തേക്ക് അടുപ്പിച്ചിരുന്നില്ല. ഇതോടെ സോളി തട്ടകം മേനക മറൈൻ ഡ്രൈവ് ഭാഗത്തേക്ക് മാറി. ഇവിടെവച്ച് കവർച്ചക്കേസിൽ പിടിയിലായി. ഇതിന് കാരണം ജോയിയാണെന്ന് ഇവർ ധരിച്ചു. ജോയിയെ വകരുത്താൻ ക്വട്ടേഷൻ നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പലകാരണങ്ങൾ പറഞ്ഞ് മകനെ തെറ്റിദ്ധരിപ്പിച്ച് ജോയിക്കെതിരെ തിരിച്ചു. ജോയിയെ സാവിയോ ബേസ് ബോൾ ബാറ്റിന് അടിച്ച് വീഴ്ത്തിയ ശേഷം വാക്കത്തിക്ക് വെട്ടുകയായിരുന്നു.
എറണാകുളം സെൻട്രൽ പൊലീസ് എസ്.എച്ച്.ഒ എസ്. വിജയ്ശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ എസ്.ഐ. പ്രേം കുമാർ, അഖിൽ, ആനി, പ്രദീപ്, മണി അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ ഷാജി, ഷമീർ, സിന്ധു സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്,മനോജ് ഇഗനേഷ്യസ്,,സിവിൽ പോലീസ് ഓഫീസർമാരായ ഷിഹാബ്, സലീഷ്, ബെൻസൻ കോശി, ഷൈജി എന്നിവരുമുണ്ടായിരുന്നു.
ഡ്യൂക്ക് കുടുക്കി
സംഭവത്തിനു രണ്ട് ദിവസം മുമ്പ് പ്രതികൾ കുടുംബസമേതം കോട്ടയത്ത് യൂണിവേഴ്സിറ്റിയിൽ മകളുടെ സർട്ടിഫിക്കറ്റിന്റെ ആവശ്യത്തിനായി പോവുകയാണെന്ന് പലരെയും വിളിച്ചു പറഞ്ഞു. ശേഷം കൂട്ടത്തോടെ ഫോൺ ഓഫ് ചെയ്തു. പിന്നീട് കോട്ടയത്തേക്ക് പോയി. ഇതിനിടെ സാവിയോ കോട്ടയത്ത് നിന്ന് കാസർകോട് പോകുകയാണെന്ന് അവിടെയുള്ളവരെ ധരിപ്പിച്ച് ഇറങ്ങി. അലുവയിൽ ഇറങ്ങിയ ഇയാൾ ബൈക്കിൽ എറണാകുളത്ത് എത്തി കൃത്യം നടത്തിയ ശേഷം കാസർകോട്ടേക്ക് മുങ്ങി. എന്നാൽ ഡ്യൂക്ക് ബൈക്കിൽ വന്ന സാവിയോയെ ആളുകൾ ശ്രദ്ധിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. സാമൂഹൃ പ്രവർത്തനത്തിന്റെ മറവിലായിരുന്നു സോളി അനാശാസ്യ പ്രവർത്തനം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.