tata

കൊച്ചി: ചോദ്യം ടാറ്റയുടേതാണ്. ഉത്തരവും ടാറ്റ തന്നെ പറയും!

ഏഴ് പതിറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷം ടാറ്റാ കുടുംബത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് ഇന്ത്യൻ വ്യോമയാന രംഗത്തെ മഹാരാജയായ 'എയർ ഇന്ത്യ". ഇക്കഴിഞ്ഞ ജനുവരി 27നാണ് കേന്ദ്രസർക്കാരിൽ നിന്ന് എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും ടാറ്റാ സൺസ് സ്വന്തമാക്കിയത്. 18,000 കോടി രൂപയുടേതായിരുന്നു ഇടപാട്.

എയർ ഇന്ത്യയെ തിരികെ സ്വന്തമാക്കിയ ശേഷം ഇന്നലെ ടാറ്റാ ഗ്രൂപ്പ് ട്വിറ്ററിൽ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ച. ''ആരാണ് എയർ ഇന്ത്യയ്ക്ക് ആ പേര് നൽകിയത്?" എന്ന് ചോദിച്ചുകൊണ്ടാണ് ട്വീറ്റുകളുടെ തുടക്കം. ''എയർ ഇന്ത്യ എന്ന പേര് നൽകാൻ അന്തിമ തീരുമാനമെടുത്തതാര്?" എന്ന ചോദ്യവും ട്വീറ്റിലുണ്ട്.

ടാറ്റ തന്നെ പറഞ്ഞ ഉത്തരം ഇങ്ങനെ:

ടാറ്റാ എയർലൈൻസ് എന്ന പേരിലാണ് എയർ ഇന്ത്യയുടെ തുടക്കം. 1946ൽ ടാറ്റാ ജീവനക്കാർക്കിടയിൽ വിമാനക്കമ്പനിക്ക് പുതിയ പേര് നൽകാനൊരു വോട്ടെടുപ്പ് നടത്തി.

നാല് പേരുകളാണ് വോട്ടിനിട്ടത്. ഇന്ത്യൻ എയർലൈൻസ്, പാൻ-ഇന്ത്യൻ എയർലൈൻസ്, ട്രാൻസ്-ഇന്ത്യൻ എയർലൈൻസ്, എയർ ഇന്ത്യ എന്നിവയാണവ. എയർ ഇന്ത്യയ്ക്ക് 64, ഇന്ത്യൻ എയർലൈൻസിന് 51, ട്രാൻസ്-ഇന്ത്യൻ എയർലൈൻസിന് 28, പാൻ-ഇന്ത്യൻ എയർലൈൻസിന് 19 എന്നിങ്ങനെ വോട്ട് കിട്ടി.

കൂടുതൽ വോട്ടുകിട്ടിയ പേരുകളിൽ വീണ്ടും വോട്ടിംഗ് നടത്തി. ഇക്കുറി 72 വോട്ട് എയർ ഇന്ത്യ നേടി; ഇന്ത്യൻ എയർലൈൻസിന് 58. അതോടെ, 'എയർ ഇന്ത്യ" എന്ന പേര് ഔദ്യോഗികമായി സ്വീകരിച്ചു.