
കാമ്പ് നു : സ്പാനിഷ് ലാലിഗയിൽ നിലവിലെ ചാമ്പ്യൻമാരായ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം. കുറച്ച് നാളായി കൈമോശം വന്ന ആ പോരാട്ട വീര്യം തിരിച്ചു പിടിച്ച് ബാഴ്സ നിറഞ്ഞാടിയ മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് അവർ അത്ലറ്റിക്കോയെ തരിപ്പണമാക്കിയത്. ആദ്യം ഗോൾ വഴങ്ങിയ ശേഷമായിരുന്നു ബാഴ്സയുടെ തിരിച്ചടി. വലതുപാർശത്തിൽ മിന്നിൽ വേഗവും നീക്കങ്ങളുമായി കത്തിക്കയറിയ ഇംഗ്ലീഷ് ക്ലബ് വൂൾവ്സിൽ നിന്ന് ലോണിലെത്തിയ അദാമ ട്രവോറും ചുവപ്പ് കാർഡ് കണ്ടെങ്കിലും ഒന്നുവീതം ഗോളും അസിസ്റ്റും നല്ല മുന്നേറ്റങ്ങളുമായി ഡാനി ആൽവസുമാണ് ബാഴ്സയുടെ ആക്രമണങ്ങളുടെ പ്രധാന ചാലകശക്തികളായത്.
8-ാംമിനിട്ടിൽ യാന്നിക് കരാസ്കോയിലൂടെ മുന്നിലെത്തിയ അത്ലറ്റിക്കോയ്ക്കെതിരെ രണ്ട് മിനിട്ടിനുള്ളിൽ തകർപ്പൻ ഇടങ്കാലൻ വോളിയിലൂടെ ജോർഡി ആൽബ ബാഴ്സയ്ക്ക് സമനില സമ്മാനിച്ചു. തുടർന്നുള്ള കുതിപ്പിൽ ഗാവിയും റൊണാൾഡ് അരൗജോയും ആൽവസും വലകുലുക്കിയതോടെ 49 മിനിട്ടിനുള്ളിൽ ബാഴ്സയുടെ അക്കൗണ്ടിൽ 4 ഗോളുകളെത്തി. 58-ാം മിനിട്ടിൽ സുവാരസ് അത്ലറ്റിക്കോയ്ക്കായിഒരുഗോൾ മടക്കി. 60-ാം മിനിട്ടിൽ ആൽവസ് ചുവപ്പ് കാർഡ് പുറത്തായതിനെത്തുടർന്ന് പത്ത് പേരായി ചുരുങ്ങിയെങ്കിലും പതറാതെ പൊരുതിയ ബാഴ്സ താരങ്ങൾ കാമ്പ്നൗവിൽ തിങ്ങിനിറഞ്ഞ ആരാധകർ കാത്തിരുന്ന ജയം സമ്മാനിക്കുകയായിരുന്നു. ജയത്തോടെ അത്ലറ്റിക്കോയെ മറികടന്ന് ബാഴ്സ നാലാമതെത്തി.
മറ്റൊരു മത്സരത്തിൽ പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരായ റയൽ മാഡ്രിഡ് 1-0ത്തിന് ഗ്രനാഡയെ വീഴ്ത്തി. മാർകോ ആസെൻസിയോ ആണ് സ്കോറർ.