
കോട്ടയം: പാമ്പ് കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് ഇന്ന് ആശുപത്രി വിട്ടേക്കും. രാവിലെ മെഡിക്കൽ ബോർഡ് ചേർന്ന് ആരോഗ്യനില പരിശോധിച്ച ശേഷമായിരിക്കും തീരുമാനം.
അദ്ദേഹം സാധാരണ ജീവിതത്തിലേക്ക് മടങ്ങിവന്നിട്ടുണ്ട്. നിലവിൽ മൂർഖന്റെ കടിയേറ്റ ഭാഗത്തെ മുറിവ് ഉണങ്ങാനുള്ള ആന്റിബയോട്ടിക്കുകൾ മാത്രമാണ് നൽകുന്നത്. 65 കുപ്പി ആന്റിവെനം ആണ് ചികിത്സാവേളയിൽ സുരേഷിന് നൽകിയത്.
ഏഴ് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് സുരേഷ് വീട്ടിലേക്ക് മടങ്ങുന്നത്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് അദ്ദേഹത്തിന് മൂർഖന്റെ കടിയേറ്റത്. കോട്ടയത്തെ ഒരു വീട്ടിൽ നിന്ന് പാമ്പിനെ പിടികൂടുന്നതിനിടെയായിരുന്നു സംഭവം.
പാമ്പിനെ പിടികൂടി കാറിൽ കൊണ്ടുവച്ച ശേഷമാണ് സുരേഷ് ആശുപത്രിയിലേക്ക് പോയത്. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ തല കറങ്ങുന്നതായി പറഞ്ഞു. ഛർദ്ദിച്ച് അവശ നിലയിലായതോടെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് ആന്റിവെനം നൽകി. ഗുരുതരാവസ്ഥയിലായ അദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.