
വയനാട്: പൊലീസിനെ വെല്ലുവിളിച്ച ഗുണ്ടാ നേതാവ് പല്ലൻ ഷൈജു പിടിയിൽ. കോട്ടക്കൽ പൊലീസ് വയനാട്ടിലെ റിസോർട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. സോഷ്യൽ മീഡിയയിലൂടെ ഷൈജു പൊലീസിനെ വെല്ലുവിളിച്ചിരുന്നു.
നിരവധി കൊലപാതക, ഹൈവെ കവർച്ച കേസുകളിൽ പ്രതിയാണ് ഷൈജു. കാപ്പ ചുമത്തപ്പെട്ട ഇയാളെ തൃശൂർ ജില്ലയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിനുശേഷമാണ് പൊലീസിനെ വെല്ലുവിളിച്ചുകൊണ്ടുള്ള വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്.
'ഞാനിപ്പോൾ കടലിലാ, നാട്ടിലല്ലേ നിൽക്കാൻ പറ്റാത്തതുള്ളൂ...'എന്ന് പറഞ്ഞുകൊണ്ടാണ് പൊലീസിനെ ഷൈജു വെല്ലുവിളിച്ചത്. രണ്ട് മിനിട്ടോളം ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് ഇയാൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിരുന്നു.
തൃശൂർ കൊടകര സ്വദേശിയാണ് ഷൈജു. നാൽപത്തിമൂന്നുകാരനായ ഇയാളെ തൃശൂർ റൂറൽ പൊലീസാണ് ഗുണ്ടാ നിയമമായ കാപ്പ ചുമത്തി നാടുകടത്തിയത്. ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കാൻ കഴിയില്ല.