sivasankar-swapna

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന ആത്മകഥയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ. അന്വേഷണ ഏജൻസികൾക്കും മാദ്ധ്യമങ്ങൾക്കും എതിരെ ശിവശങ്കർ പറഞ്ഞത് ശരിയാണെന്നും ഐഎഎസ് ഉദ്യോഗസ്ഥൻ പ്രതിയാക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

അനുമതി ഇല്ലാതെ പുസ്തകമെഴുതിയത് ചട്ട ലംഘനമാണോയെന്ന് സർക്കാർ പരിശോധിക്കട്ടെയെന്നും ആനത്തലവട്ടം ആനന്ദൻ പ്രതികരിച്ചു. ഒരു സ്വകാര്യ ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന്റെ പ്രതികരണം വിശ്വാസത്തിലെടുക്കാനാകില്ലെന്നും ആനത്തലവട്ടം ആനന്ദൻ വ്യക്തമാക്കി.

വിവാദത്തെക്കുറിച്ച് ആദ്യമായിട്ടാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ ഭാഗമായ നേതാവ് പ്രതികരിക്കുന്നത്. ശിവശങ്കറിന്റെ പുസ്തകത്തിലെ പരാമർശങ്ങളിൽ പ്രകോപിതയായി സ്വപ്ന സുരേഷ് നടത്തിയ തുറന്നുപറച്ചിൽ സർക്കാരിനാകെ തലവേദയായി മാറിയിരിക്കുകയാണ്. സ്വർണക്കടത്ത് ഉൾപ്പടെയുള്ള കാര്യങ്ങൾ ശിവശങ്കറിനറിയാമായിരുന്നെന്നായിരുന്നു സ്വപ്ന പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ നേരിട്ട് പ്രതിക്കൂട്ടിൽ കയറ്റുന്നതായിരുന്നു വെളിപ്പെടുത്തൽ.