
ന്യൂഡൽഹി: ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും അധികാരത്തിലെത്താൻ കഴിയാതിരുന്ന കോൺഗ്രസ്സിന് അധികാരത്തിൽ തിരിച്ചെത്താൻ ഏക സാദ്ധ്യത ബി.ജെ.പിയുടെ സഖ്യ കക്ഷികൾ തനിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്നുവെന്നത് മാത്രമാണ്. തൊഴിലില്ലായ്മ മുതൽ അഫ്സ്പ വരെ ചർച്ച ചെയ്യുന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പിയിലെ വിമതരും കോൺഗ്രസ്സിന് കരുത്ത് പകർന്നേക്കും.
എന്നാൽ, അഭിപ്രായ സർവ്വേകളിലെല്ലാം ബി.ജെ.പിക്ക് തനിച്ച് ഭൂരിപക്ഷമെന്ന പ്രഖ്യാപനത്തിലൂടെ നേതൃത്വത്തിനുണ്ടായ ആത്മവിശ്വാസം പാർട്ടിയുടെ സ്ഥാനാർത്ഥിപ്പട്ടിക പുറത്ത് വന്ന ശേഷമുണ്ടായ സംഭവങ്ങളോടെ അല്പം കുറഞ്ഞിട്ടുണ്ട്.
2017ന് ശേഷം ഏറെ മെലിഞ്ഞു
2002 മുതൽ 2017 വരെ ഒക്രം ഇബോബി സിംഗിന്റെ നേതൃത്വത്തിൽ തുടർച്ചയായി മണിപ്പൂർ ഭരിച്ച കോൺഗ്രസ് 2017ൽ നടന്ന തിരഞ്ഞെടുപ്പിലും 28 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. എന്നാൽ, 21 സീറ്റ് നേടിയ ബി.ജെ.പി നാഷണൽ പീപ്പിൾസ് പാർട്ടി, നാഗാ പീപ്പിൾസ് ഫ്രണ്ട് തുടങ്ങിയ പാർട്ടികളുടെ പിന്തുണയോടെ ഭരണം പിടിച്ചെടുത്തു. പിന്നീട് പാർട്ടിയുടെ പ്രദേശ് കോൺഗ്രസ് പ്രസിഡന്റടക്കം ബി.ജെ.പിയിലേക്ക് കുടിയേറിയതോടെ കോൺഗ്രസ്സ് ശരിക്കും മെലിഞ്ഞു.
പുതിയ മുഖങ്ങളെ അവതരിപ്പിക്കാൻ കഴിയാത്ത പാർട്ടി ഒക്രം ഇബോബി സിംഗിനെ തന്നെയാണ് ഇപ്പോഴും മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അവതരിപ്പിക്കുന്നത്. ഇ ഡിയുടെ അഴിമതിക്കേസിനെ നേരിടുന്ന ഇബോബി സിംഗിന്റെ പ്രതിച്ഛായയും മോശമാണ്. സി.പി.ഐ, സി.പി.എം, ആർ.എസ്.പി, ജെ.ഡി.എസ്, ഫോർവേഡ് ബ്ലോക്ക് എന്നീ പാർട്ടികളുമായി സഖ്യത്തിലേർപ്പെട്ടാണ് കോൺഗ്രസ്സ് ഇത്തവണ മത്സരിക്കുന്നത്.
സഖ്യകക്ഷികളെ ഒഴിവാക്കി ബി.ജെ.പി
കഴിഞ്ഞ തവണ അധികാരം പിടിക്കാൻ സഹായിച്ച നാഗാ പീപ്പിൾസ് ഫ്രണ്ട്, നാഷണൽ പീപ്പിൾസ് പാർട്ടി തുടങ്ങിയ പാർട്ടികളെ ഒഴിവാക്കി 60 സീറ്റുകളിലും സ്ഥാനാർത്ഥികളെ നിറുത്തിയിരിക്കുകയാണ് ബി.ജെ.പി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പാർട്ടിയിൽ ചേർന്ന 16 കോൺഗ്രസ്സ് നേതാക്കളിൽ 10 പേർക്ക് ബി.ജെ.പി ഇത്തവണ സീറ്റ് നൽകി. ഇത് പാർട്ടിയിലെ പഴയ കാല നേതാക്കളിൽ പലരെയും പ്രകോപിപ്പിച്ചു. ഒരു പക്ഷേ, ബി.ജെ.പിയുടെ ചരിത്രത്തിൽ ഇതുവരെ കാണാത്ത രീതിയിൽ പാർട്ടി ഓഫീസുകൾ തല്ലിത്തകർക്കുകയും നേതാക്കളുടെ കോലം കത്തിക്കുകയും ചെയ്ത പ്രതിഷേധങ്ങളാണ് അരങ്ങേറിയത്.
അക്രമം ഭയന്ന് പാർട്ടി ഓഫീസുകൾക്കും നേതാക്കൾക്കും സുരക്ഷ ഏർപ്പെടുത്തേണ്ട ഗതികേടിലായി പാർട്ടി. ഈ പ്രതിഷേധത്തിന്റെ ഭാഗമായി രണ്ട് ബി.ജെ.പി എം.എൽ.എമാർ കഴിഞ്ഞ ദിവസം കോൺഗ്രസ്സിൽ ചേർന്നു. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മയുടെ നേതൃത്വത്തിലുള്ള നാഷണൽ പീപ്പിൾസ് പാർട്ടി ഇത്തവണ 42 സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുകയാണ്. 2017 ൽ 9 സീറ്റിൽ മത്സരിച്ച് 4 സീറ്റുകൾ നേടിയ എൻ.പി.പിയുടെ പിന്തുണയോടെയാണ് ബി.ജെ.പി അധികാരം പിടിച്ചത്.
പാർട്ടി നിറുത്തിയ 42 സ്ഥാനാർത്ഥികളിൽ 19 പേർ ബി.ജെ.പി വിട്ട് വന്നവരാണ് എന്നത് ബി.ജെ.പിയിലെ അസംതൃപ്തരുടെ ശക്തി സൂചിപ്പിക്കുകയാണ്. എന്നാൽ, തിരഞ്ഞെടുപ്പിന് ശേഷം എൻ.പി.പിയും എൻ.പി.എഫും ആരെ പിന്തുണയ്ക്കുമെന്നതും പുതിയ സർക്കാരിനെ തീരുമാനിക്കുന്ന ഘടകമാണ്. ഈ പ്രതിസന്ധികൾക്കിടയിലും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ആത്മവിശ്വാസമാണ് മണിപ്പൂർ ബി.ജെ.പി നേതൃത്വം പ്രകടിപ്പിക്കുന്നത്.
കഴിഞ്ഞ മാസം മണിപ്പുരിലെത്തിയ പ്രധാനമന്ത്രി താൻ കേന്ദ്ര സർക്കാരിനെ മണിപ്പൂരിന്റെ പടിവാതിൽക്കലെത്തിച്ചതായി പ്രഖ്യാപനം നടത്തിയിരുന്നു. റിപ്പബ്ലിക് ദിനത്തിൽ മോദിയണിഞ്ഞ മണിപ്പൂരി പട്ടും പാർട്ടി അവിടെ പ്രചാരണത്തിന് ഉപയോഗിക്കുകയാണ്.