pinarayi-vijayan

പിണറായി: കഴിഞ്ഞ ദിവസം അന്തരിച്ച സി.പി. എം നേതാവ് കക്കോത്ത് ബാലന്റെ പാറപ്രത്തെ വീട്ടിൽ സാന്ത്വനമായി മുഖ്യന്ത്രി പിണറായി വിജയനെത്തി. ഇന്നലെ ഉച്ചയോടെയാണ് ഭാര്യ കമലയ്ക്കൊപ്പം മുഖ്യന്ത്രി കളിക്കൂട്ടുകാരന്റെ വീട്ടിലെത്തിയത്. രാഷ്ട്രീയ പ്രവർത്തനത്തിനിടയിൽ എതിരാളികളിൽ നിന്ന് ഭീഷണിയുയർന്നപ്പോഴെല്ലാം ചേർത്തു നിറുത്തിയ ബാലനെ കുറിച്ചുള്ള ഓർമ്മകൾ മുഖ്യന്ത്രി കുടുംബാംഗങ്ങളുമായി പങ്കുവച്ചു.

അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ബാലൻ ഗണേഷ് ബീഡി സമരത്തിൽ പങ്കെടുത്ത് ഒന്നരമാസം ജയിൽ വാസം അനുഭവിച്ചതും മുഖ്യമന്ത്രി ഓർത്തെടുത്തു. അടിയന്തരാവസ്ഥക്കാലത്ത് സി.പി.എം നേതാക്കളെയും പ്രവർത്തകരെയും എതിരാളികളിൽ നിന്നു സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയത് ബാലന്റെ നേതൃത്വത്തിലായിരുന്നു.

15 മിനിട്ടോളം മുഖ്യമന്ത്രി വീട്ടിൽ ചെലവിട്ടു.ബാലന്റെ ഭാര്യ നളിനി, മക്കളായ ബീന, വിനോദൻ, വിനീതൻ എന്നിവരെ ആശ്വസിപ്പിച്ച ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങി. ദുബായ് സന്ദർശനത്തിനു ശേഷം ഇന്നലെ രാവിലെ തിരുവനന്തപുരത്ത് എത്തിയ മുഖ്യമന്ത്രി അവിടെ നിന്ന് ഉച്ചയോടെ കണ്ണൂർ വിമാനത്താവളത്തിലിറങ്ങി. നേരെ ബാലന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. മറ്റു പരിപാടികളൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല.