
ന്യൂഡൽഹി: കാശ്മീരുമായി ബന്ധപ്പെട്ട പോസ്റ്റ് വിവാദമായതിനെ തുടർന്ന് ഹ്യുണ്ടായ് ഇന്ത്യ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി. 'ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയെ ബന്ധിപ്പിക്കുന്ന ആവശ്യമില്ലാത്ത സോഷ്യൽ മീഡിയ പോസ്റ്റുകൾ ഈ മഹത്തായ രാജ്യത്തോടുള്ള ഞങ്ങളുടെ സമാനതകളില്ലാത്ത പ്രതിബദ്ധതയെയും സേവനത്തെയും വ്രണപ്പെടുത്തുന്നു. ഇന്ത്യ ഹ്യുണ്ടായ് ബ്രാൻഡിന്റെ രണ്ടാമത്തെ ഭവനമാണ്. ഇത്രത്തോളം വൈകാരികമായ പ്രതികരണങ്ങളോട് ഞങ്ങള്‍ സഹിഷ്ണുത കാണിക്കുന്നില്ല. അത്തരം വീക്ഷണങ്ങളെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു'- ഹ്യുണ്ടായി ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.
‘കാശ്മീർ ഐക്യദാർഢ്യ ദിനം’ അനുസ്മരിച്ചുകൊണ്ടുള്ള ട്വീറ്റിൽ, “നമ്മുടെ കാശ്മീരി സഹോദരങ്ങളുടെ ത്യാഗത്തെ നമുക്ക് സ്മരിക്കാം, അവർ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം തുടരുമ്പോൾ പിന്തുണയുമായി നിൽക്കാം.” എന്നാണ് ഹ്യുണ്ടായ് പാകിസ്ഥാൻ പോസ്റ്റ് ചെയ്തിരുന്നത്. കാശ്മീര്‍ വിഘടന വാദികള്‍ക്ക് പിന്തുണ നല്‍കിയ പോസ്റ്റിന് പിന്നാലെ കമ്പനിക്കെതിരെ ഇന്ത്യയില്‍ വ്യാപക വിമര്‍ശനമുണ്ടായി. തുടർന്ന് പോസ്റ്റ് പിന്‍വലിക്കുകയും ഹ്യുണ്ടായി ഇന്ത്യ വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തു. ഹ്യുണ്ടായ് ബഹിഷ്കരിക്കുക എന്ന് ആവശ്യപ്പെട്ട് ട്വിറ്ററിൽ ഉൾപ്പെടെ നിരവധി പോസ്റ്റുകൾ പങ്കുവയ്ക്കപ്പെട്ടിരുന്നു. നിരവധിപേർ കമ്പനിയിലേക്ക് വിളിച്ച് വിമർശിക്കുകയും ചെയ്തിരുന്നു.