
ബീജിംഗ്: ലോകമൊട്ടാകെ കൊവിഡ് മഹാമാരി വ്യാപനം ആരംഭിച്ച് രണ്ട് വർഷം പിന്നിടുമ്പോഴും കൊവിഡിന്റെ ഉത്ഭവ പ്രദേശമായ ചൈന ഇപ്പോഴും രോഗത്തിൽ നിന്നും മുക്തരായിട്ടില്ല. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 70ൽ അധികം കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതിനെത്തുടർന്ന് വിയറ്റ്‌നാമിന്റെ അതിർത്തിക്കടുത്തുള്ള മൂന്നര ദശലക്ഷം ജനസംഖ്യയുള്ള ചൈനീസ് നഗരം അടച്ചുപൂട്ടി.
കൊവിഡ് വ്യാപനം നിലനിൽക്കുമ്പോഴും ചൈന ഒഴികെയുള്ള ലോകരാജ്യങ്ങൾ കടുത്ത നിയന്ത്രണങ്ങൾ നീക്കിയിരുന്നു. ലോകത്തിലെ പ്രധാന സമ്പദ്വ്യവസ്ഥകളിൽ സീറോ കൊവിഡ് നയം ഇപ്പോഴും പിന്തുടരുന്ന ഏക രാജ്യം ചൈനയാണ്. ഫെബ്രുവരി നാല് മുതൽ 20 വരെ നടക്കുന്ന 2022 ശീതകാല ഒളിംപിക്സിന് ബീജിംഗ് ആതിഥേയത്വം വഹിക്കുന്നതിനാലാണ് സർക്കാർ കടുത്ത നിയന്ത്രണങ്ങൾ തുടരുന്നത്.
ലോക്ക്‌ഡൗണിന്റെ ഭാഗമായി തെക്കൻ ഗുവാങ്‌സി മേഖലയിലെ ബെയ്സ് നഗരത്തിലെ ഉദ്യോഗസ്ഥർ ജനങ്ങൾക്ക് നഗരം വിട്ടുപോകാനുള്ള അനുമതി നിഷേധിച്ചു. ചില ജില്ലകളിൽ ജനങ്ങൾ വീടുകളിൽ തന്നെ കഴിയണമെന്ന നിർദേശവുമുണ്ട്. നഗരം മുഴുവൻ ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. നഗരത്തിൽ നിന്ന് പുറത്ത് പോകാനോ അകത്തേയ്ക്ക് കടക്കാനോ ആരെയും അനുവദിക്കില്ല. അനാവശ്യയാത്രകൾ അനുവദിക്കില്ലെന്നും അധികാരികൾ അറിയിച്ചു. വിയറ്റ്നാമിൽ നിന്ന് 100 കിലോമീറ്റർ അപ്പുറത്തായി സ്ഥിതി ചെയ്യുന്ന ബെയ്സ് നഗരത്തിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആദ്യത്തെ പ്രാദേശിക കൊവിഡ് കേസ് സ്ഥിരീകരിച്ചത്.
കൊവിഡ് വ്യാപനം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ വിയറ്റ്നാമിൽ നിന്നും മ്യാൻമറിൽ നിന്നുമുള്ള അനധികൃത കുടിയേറ്റങ്ങൾ തടയുന്നതിനായി തെക്കൻ അതിർത്തിയിൽ വലിയ മുള്ളുവേലി ചൈന നിർമിച്ചിരുന്നു. വലിയതോതിലുള്ള പരിശോധനയും ഉടൻ ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു.
രണ്ട് വർഷം മുൻപ് ചൈനയിലെ വുഹാനിൽ കൊവിഡ് ആദ്യമായി കണ്ടെത്തിയപ്പോൾ തന്നെ കടുത്ത നിയന്ത്രണങ്ങളും, പരക്കെ പരിശോധനകളും, സമ്പർക്കം കണ്ടെത്താനുള്ള ആപ്പ്ളിക്കേഷനുകളും സർക്കാർ ഏർപ്പെടുത്തിയിരുന്നു. ഡെൽറ്റ, ഒമിക്രോൺ തുടങ്ങിയ വകഭേദങ്ങൾ ആക്രമണം ആരംഭിച്ചതിന് പിന്നാലെ ശീതകാല ഒളിംപിക്സിന് മുന്നോടിയായി പല നഗരങ്ങളിലായി ദശലക്ഷത്തോളം ജനങ്ങൾ പുറത്തിറങ്ങാൻ സാധിക്കാതെ വീടുകളിൽ തന്നെ കഴിയുകയാണ്.
ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിനാൽ ജനങ്ങളിൽ നിന്ന് വ്യാപക പരാതിയും ഉയരുന്നു. അവശ്യസാധനങ്ങളുടെ ദൗർലഭ്യം പ്രതിസന്ധിയുണ്ടാക്കുന്നു. ആശുപത്രി ചികിത്സകൾ തടഞ്ഞതിനാൽ ചില രോഗികൾ മരണപ്പെട്ടുവെന്നും പരാതികൾ ഉയർന്നിരുന്നു. 79 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് ഇന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.