
കോട്ടയം: മൂർഖന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വാവ സുരേഷ് ആശുപത്രി വിട്ടു. ഇത് രണ്ടാം ജന്മമാണെന്നും പാമ്പുപിടിത്തം തുടരുമെന്നും വാവ ആശുപത്രിയിൽ എത്തിയ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. "കൃത്യസമയത്ത് ചികിത്സ കിട്ടയത് തുണയായി. പാമ്പ് പിടിത്തം തുടരാന്‍ തന്നെയാണ് തീരുമാനം. എനിക്കെതിരെ ചിലര്‍ ഗൂഢാലോചന നടത്തി. വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പലരോടും പാമ്പിനെ പിടിക്കാന്‍ എന്നെ വിളിക്കരുതെന്ന് പറയുന്നുണ്ട്. മരണംവരെ പാമ്പ് പിടുത്തത്തില്‍ നിന്ന് പിന്മാറില്ല'- വാവ സുരേഷ് പറഞ്ഞു. മന്ത്രി വി എന്‍ വാസവനും വാവാ സുരേഷിനൊപ്പം ഉണ്ടായിരുന്നു. നിരവധി പേരാണ് വാവയെ കാണാനായി ആശുപത്രിയില്‍ തടിച്ചുകൂടിയത്.
വീട്ടിലെത്തിയാലും കുറച്ചുനാൾ കൂടി വിശ്രമം വേണ്ടിവരും. അണുബാധയ്ക്ക് സാദ്ധ്യതയുള്ളതിനാൽ വളരെ സൂക്ഷിക്കണമെന്നും സന്ദർശകരെ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. പാമ്പ് കടിയേറ്റിടത്തെ മുറിവ് പൂർണമായും ഉണങ്ങിയിട്ടില്ല. ഇതിനായി ഇപ്പോൾ മരുന്നുനൽകുന്നുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കോട്ടയം കുറിച്ചി നീലംപേരൂരിൽ വച്ചാണ് വാവ സുരേഷിന് പാമ്പുകടിയേറ്റത്. പിടികൂടിയ മൂര്‍ഖന്‍ പാമ്പിനെ ചാക്കില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് സുരേഷിന്റെ തുടയിൽ കടിയേറ്റത്. കടിയേറ്റിട്ടും പാമ്പിനെ പിടിച്ച ശേഷമാണ് ആശുപത്രിയിലേക്ക് പോയത്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം ഇരുപതുശതമാനം മാത്രമായിരുന്നു. തുടർന്ന് മന്ത്രി വി എന്‍ വാസവന്‍ ഇടപെട്ട് കോട്ടയം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.