
മാദ്ധ്യമസ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള എഫ്എം റേഡിയോ ചാനലുകൾക്കൊപ്പം ആകാശവാണിയുടെ തിരുവനന്തപുരം സ്റ്റേഷൻ നടത്തിയിരുന്ന അനന്തപുരി എഫ്എം എന്ന ചാനൽ ശ്രോതാക്കളുടെ വ്യാപകമായ അംഗീകാരം നേടിക്കഴിഞ്ഞിരുന്നു. വ്യത്യസ്‌ത അഭിരുചികൾ പരിഗണിച്ച് വൈവിദ്ധ്യമുള്ള പരിപാടികളാണ് അനന്തപുരി എഫ്എം എത്രയോ കാലമായി അവതരിപ്പിച്ചിരുന്നത്.
ആകാശവാണി മുഖ്യസ്റ്റേഷന്റെ ആധികാരികതയും എല്ലാ പ്രായക്കാരോടും നീതിപുലർത്തിയിരുന്നതും അനന്തപുരി എഫ്എമ്മിനെ മറ്റ് ചാനലുകളിൽ നിന്ന് വേറിട്ടുനിറുത്തി. ചില ചാനലുകളിൽ 2000 നു മുൻപുള്ള ചലച്ചിത്ര ഗാനങ്ങൾ പ്രക്ഷേപണം ചെയ്യുന്നതിന് മാനേജ്‌മെന്റിന്റെ കൃത്യമായ വിലക്കുള്ളപ്പോൾ, അനന്തപുരി എഫ്എം വന്ന വഴികൾ മറന്നില്ല. ഭാവനാപൂർണമായ പരിപാടികളിലൂടെ
ശ്രോതാക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന നിരവധി സംഗീത പരിപാടികൾ ആ
ചാനൽ പ്രക്ഷേപണം ചെയ്തു. സാമൂഹ്യപ്രതിബദ്ധതയോടെ ആരോഗ്യ- കൃഷി മേഖലകളുടെ പുതിയ കാര്യങ്ങൾക്കായി കുറച്ചു സമയം മാറ്റിവയ്ക്കാനും
മറന്നില്ല. രണ്ട് മിനിറ്റിൽ ഒതുങ്ങുന്ന ഓരോ മണിക്കൂർ ഇടവിട്ട വാർത്താ
ബുള്ളറ്റിനുകൾ എഫ്എം ശ്രോതാക്കൾക്ക് പ്രിയങ്കരവും പ്രയോജനപ്രദവുമായിരുന്നു.
ഏറ്റവും പ്രധാനമായി പറയേണ്ടത്, ഭാഷ കൈകാര്യം ചെയ്യുന്നതിലുള്ള നിഷ്‌കർഷയാണ്. എഫ് എം ചാനലുകളിൽ കുറച്ച് അവതാരകരെങ്കിലും ഇംഗ്ലീഷ് -
മലയാളം മണിപ്രവാളം ശീലമാക്കിയവരാണ്. മറ്റു ചിലർ പറയുന്നത് മലയാളമാണെങ്കിലും കേട്ടാൽ ഇംഗ്ലീഷെന്നേ തോന്നൂ. (എല്ലാവരും അങ്ങനെയാണെന്നല്ല; ഭാഷാശുദ്ധിയുള്ള അവതാരകർ എല്ലാ ചാനലുകളിലുമുണ്ട്; പക്ഷേ 'ലക്ഷണമൊത്തവർ ഒന്നോ രണ്ടോ' എന്ന് മാത്രം.) അനന്തപുരി എഫ് എം ഭാഷാശുദ്ധിയുടെ കാര്യത്തിൽ ആകാശവാണിയുടെ പാരമ്പര്യം പിന്തുടർന്നു. ഈയിടെ കൊവിഡ് പോസിറ്റീവ് ആവുകയും ഓഫീസിൽ ഒമിക്രോൺ കാര്യമായി
വിരുന്നുവരികയും ചെയ്ത കാലയളവിൽ ഞാൻ വീട്ടിൽത്തന്നെ രണ്ടാഴ്ച ചെലവഴിച്ചു. ഇത്തരം ഏകാന്തവേളകളിലാണല്ലോ റേഡിയോയെ നിർബന്ധപൂർവം ആശ്രയിക്കുക. പ്രിയപ്പെട്ട അനന്തപുരി എഫ് എം സ്റ്റേഷന് വേണ്ടി പരതി നോക്കി. വളരെക്കാലമായി കേട്ടുകൊണ്ടിരുന്ന പരിപാടികൾക്ക് വേണ്ടി നിശ്ചിത
സമയങ്ങളിൽ ട്യൂൺ ചെയ്തു നോക്കി. അനന്തപുരി എഫ് എം കേട്ടുകൊണ്ടിരുന്നിടത്ത് അതാ ഒരു വിരസവൃദ്ധൻ കയറിക്കിടക്കുന്നു. 'ആകാശവാണി വിവിധഭാരതി മലയാളം' എന്നാണ് ഇപ്പോൾ ചാനലിന്റെ പേര്. പരിചിതപരിപാടികൾ എങ്ങോ പോയി. കൂടുതൽ വാർത്തകൾ; കൂടുതൽ ഹിന്ദി പരിപാടികൾ; റിലേ പരിപാടികൾ. (കൂട്ടത്തിൽ മലയാളം ഗാനങ്ങളുമുണ്ട്) എഫ് എം ചാനൽ എന്ന് വിശേഷിപ്പിക്കാൻ വേണ്ട ആന്തരിക സ്വാതന്ത്ര്യമോ, സർഗാത്മകമായ
ആഹ്ളാദമോ നിർഭാഗ്യവശാൽ ഈ തണുപ്പൻ ചാനലിനില്ല. ഇത് പറയാൻ എല്ലാ ശ്രോതാക്കൾക്കും അവകാശമുണ്ട്. ഈ മാറ്റങ്ങൾ കേന്ദ്രീകൃതമായ നയവ്യതിയാനത്തിന്റെ ഭാഗമായിരിക്കണം. എന്താണ് ആ നയവ്യതിയാനം എന്നറിയാൻ ഒരുപായവുമില്ല. പ്രസാർ ഭാരതിയുടെ വെബ്‌സൈറ്റ് ഇങ്ങനെയൊരു
കാര്യത്തെക്കുറിച്ചൊരു സൂചനയും നൽകുന്നില്ല.
തലസ്ഥാന നഗരത്തിന്റെ പേരോട് കൂടി വിരാജിച്ചിരുന്ന ഒരു ചാനലിന്റെ പേരും ഘടനയും സ്വഭാവവും മാറ്റുമ്പോൾ ആരോടും ചോദിക്കാനില്ലെന്ന അവസ്ഥ വാസ്തവത്തിൽ അപമാനകരമാണ്. എന്തിനായിരുന്നു ഈ മാറ്റങ്ങൾ? ഇത് കൊണ്ടെന്തു നേടി? പരസ്യ വരുമാനം കുത്തനെ ഇടിഞ്ഞെന്ന 'നേട്ടം' ശ്രോതാക്കൾക്ക് തന്നെ മനസിലാക്കാം. പഴയ ചാനലിനെ സ്‌നേഹിച്ചിരുന്നവർ നിരാശയാലും നഷ്ടബോധത്താലും മറ്റ് ചാനലുകൾ തേടിപ്പോകുന്നു! (ഇനി ഇതായിരുന്നോ ആത്യന്തികലക്ഷ്യം? അറിഞ്ഞുകൂടാ) ചുരുക്കത്തിൽ പുതിയ അവതാരം അത്യന്തം വിരസവും അനാകർഷകവുമാണെന്നു പറയാതെ വയ്യ. ബാംഗ്ലൂരിൽ ഈ പരീക്ഷണം വലിയ പ്രതിഷേധങ്ങൾക്കു ഇടവരുത്തിയെന്നു വായിച്ചിരുന്നു. തമിഴകത്ത് ഈ പരീക്ഷണം നടത്താൻ ഏതായാലും പ്രസാർ ഭാരതി യജമാനന്മാർ മുതിരില്ല. ഇത്തരം കാര്യങ്ങളിൽ പ്രതികരിക്കാനും പ്രതിഷേധിക്കാനും മലയാളിക്ക് പണ്ടേ ഒരമാന്തമാണ് . ശ്രോതാക്കളുടെ വലിയ പിന്തുണ നേടിയിരുന്ന, തിരുവനന്തപുരത്തിന്റെ പേര് വഹിച്ചിരുന്ന ഒരു ചാനലിനെ ഈ വിധം നിസാരബുദ്ധിയോടെ വികലമാക്കിയാൽ മിണ്ടാതിരിക്കുന്ന മടിയന്മാരും മണ്ടന്മാരുമാണ് മലയാളികളെന്ന് ആരോ കണക്കുകൂട്ടിയിട്ടുണ്ട്. ആ കണക്കുകൂട്ടൽ അബദ്ധമായിരുന്നെന്ന് സ്ഥാപിക്കാൻ ആത്മാഭിമാനം നമ്മെ ഇനിയെങ്കിലും പ്രേരിപ്പിക്കണം.