
ബിലിസി: സംഗീതപരിപാടിക്കിടെ ആരാധകയ്ക്ക് രക്ഷകയായി അമേരിക്കൻ സൂപ്പർ ഗായിക ബില്ലി ഐലിഷ്. അനേകായിരങ്ങൾ പങ്കെടുത്ത കൺസേർട്ടിനിടെ ഒരു ആരാധിക ശ്വസിക്കാൻ ബുദ്ധിമുട്ടുന്നത് കണ്ട് പരിപാടി നിർത്തികൊണ്ട് ഗായിക രക്ഷക്കെത്തുകയായിരുന്നു. അറ്റ്‌ലാന്റയിലെ സ്റ്റേറ്റ് ഫാം അരീനയിൽ ഇന്നലെയാണ് സംഭവം നടന്നത്.
വേദിക്ക് മുന്നിലായി നിന്നിരുന്ന യുവതി ശ്വസിക്കാൻ ബുദ്ധിമുട്ടുന്നത് പാടുന്നതിനിടെ ബില്ലിയുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ പാടുന്നത് നിർത്തി യുവതിയോട് കാര്യം തിരക്കുകയും തന്റെ അംഗരക്ഷകരോട് ഇൻഹേലർ ആവശ്യപ്പെടുകയും ചെയ്തു. യുവതി സാധാരണ നിലയിൽ എത്തിയതിനുശേഷമാണ് ഗായിക പാട്ടു തുടർന്നത്.
ആരാധകർ സുഖമാകുന്നതുവരെ താൻ കാത്തിരിക്കുമെന്നും അതിനുശേഷം മാത്രമേ പരിപാടി തുടരുകയുള്ളൂവെന്നും സംഭവത്തിന് പിന്നാലെ ഗായിക പറഞ്ഞു. കഴിഞ്ഞ നവംബറിൽ ഹൂസ്റ്റണിലെ ആസ്ട്രോവേൾഡ് സംഗീതപരിപാടിക്കിടെ പത്ത് പേർ തിക്കിലും തിരക്കിലുംപ്പെട്ട് മരണപ്പെട്ടത് പരോക്ഷമായി പ്രതിപാദിക്കുകയായിരുന്നു ഗായിക എന്ന് ആരാധകർ പറഞ്ഞു. അമേരിക്കൻ റാപ്പറായ ട്രാവിസ് സ്കോട്ടിന്റെ കൺസേർട്ടിലാണ് വൻ ദുരന്തം സംഭവിച്ചത്. എട്ട് പേർ സംഭവസ്ഥലത്തും രണ്ട് പേർ ആശുപത്രിയിലുമാണ് മരിച്ചത്.