cow

രാജ്യത്ത് കാർഷിക മേഖലയുടെ വളർച്ചയ്ക്ക് ഏറെ സംഭാവന ചെയ്യുന്നത് മൃഗസംരക്ഷണ, ക്ഷീരവികസന, ഫിഷറീസ് മേഖലകളാണെന്ന് 2021-22 ലെ ഇക്കണോമിക് സർവേ വ്യക്തമാക്കുന്നു. രാജ്യത്ത് മൊത്തം കാർഷിക വരുമാനത്തിന്റെ 15 ശതമാനം ഇതിലൂടെയാണ്. കാർഷിക മേഖലയിൽ നിന്നും 18.2 ശതമാനം വരുമാനം ലഭിക്കുമ്പോൾ, 30ശതമാനത്തിലേറെ മൃഗസംരക്ഷണ മേഖലയിൽ നിന്നാണ്.


കേരളത്തിലെ സാദ്ധ്യതകൾ


കൊവിഡാനന്തരം കേരളത്തിൽ ഏറെ സാദ്ധ്യതയുള്ള മേഖലയാണ് മൃഗസംരക്ഷണം. പാൽ, മുട്ട, ഇറച്ചി, ഇവയുടെ ഉത്‌പന്നങ്ങൾ, നേരിട്ട് കഴിക്കാവുന്നതും പാചകം ചെയ്യാവുന്നതുമായ ഭക്ഷ്യോത്‌പന്നങ്ങൾ എന്നിവയുടെ ഉപഭോഗത്തിൽ കേരളം മുന്നിലാണ്. പ്രതിവർഷം 26000 കോടിയോളം രൂപയുടെ ഉത്‌പന്നങ്ങളാണ് അയൽ സംസ്ഥാനങ്ങളിൽ നിന്നും അന്താരാഷ്ട്ര വിപണിയിൽ നിന്നും കേരളത്തിലെത്തുന്നത്. കേരളത്തിലെ ഉത്‌പാദനവും ലഭ്യതയും തമ്മിലുള്ള വൻ അന്തരമാണ് ഇതിലൂടെ നികത്തപ്പെടുന്നത്. കേരളത്തിൽ ആവശ്യമായ പാലിന്റെ 75ശതമാനം ഉത്‌പാദിപ്പിക്കുന്നു. കോഴിയിറച്ചിയുടെ 30 ശതമാനവും കോഴിമുട്ടയിൽ 85 ശതമാനത്തിലേറെയും അയൽസംസ്ഥാനങ്ങളിൽ നിന്നാണെത്തുന്നത്. കോഴിയിറച്ചി ഒഴികെയുള്ള ഇറച്ചിയിൽ 60 ശതമാനത്തിലേറെയും അയൽസംസ്ഥാനങ്ങളിൽ നിന്നെത്തുന്നു. നേരിട്ട് കഴിക്കാവുന്നതും, പാചകം ചെയ്യാവുന്നതുമായ ഭക്ഷ്യോത്‌പന്നങ്ങൾ 75 ശതമാനത്തോളം ശീതീകരിച്ച് അയൽസംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ
നിന്നും കേരളത്തിലെത്തിച്ചു വരുന്നു.

കാലിത്തീറ്റ, കോഴിത്തീറ്റ, വൈക്കോൽ, ഇറച്ചിക്കോഴിക്കുഞ്ഞുങ്ങൾ, വെറ്ററിനറി മരുന്നുകൾ, വിറ്റാമിൻ സപ്ലിമെന്റുകൾ, ന്യൂട്രസ്യൂട്ടിക്കൽസ്, കാലിത്തീറ്റയ്ക്കും, കോഴിത്തീറ്റയ്ക്കുമാവശ്യമായ അസംസ്‌കൃത വസ്തുക്കൾ തുടങ്ങിയവയും വർദ്ധിച്ച ആവശ്യകത കണക്കിലെടുത്ത് മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരള വിപണിയിലെത്തുന്നു. എന്തിനേറെ 1200 കോടി രൂപയുടെ റെഡി ടു ഈറ്റ് ജന്തുജന്യ ഉത്‌പന്നങ്ങളാണ് പ്രതിവർഷം കേരളത്തിലെത്തുന്നത് !

സുസ്ഥിര പദ്ധതികളാവശ്യം!


വരാനിരിക്കുന്ന കേരള ബജറ്റിൽ കേരളത്തിലെ പ്രത്യേക ഉപഭോഗ, തൊഴിൽ സാദ്ധ്യതകൾ വിലയിരുത്തി മൃഗസംരക്ഷണ, ക്ഷീരവികസന മേഖലയ്ക്കിണങ്ങിയ സുസ്ഥിര പദ്ധതികൾ ആവിഷ് കരിച്ചാൽ പ്രതിവർഷം കേരളത്തിൽ നിന്ന് പുറത്തുപോകുന്ന 26000 കോടിരൂപയുടെ ഒഴുക്ക് തടയാനും, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കും. ഇതിനായി മൃഗസംരക്ഷണ മേഖലയിലെ
സമീപനത്തിന് മാറ്റം വരുത്തണം. വ്യക്തമായ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ അഭ്യസ്തവിദ്യരായ യുവതീയുവാക്കൾ, വനിതകൾ, കർഷകർ, സംരംഭകർ എന്നിവർക്കിണങ്ങിയ പദ്ധതികൾ പ്രഖ്യാപിക്കണം.

മിഷൻ മോഡിലുള്ള പ്രവർത്തനം


യഥേഷ്ടം കേന്ദ്ര പദ്ധതികളുണ്ട്. ഇവ കൂടുതലായി കേരളത്തിനു ലഭിയ്ക്കാൻ മിഷൻ മോഡിലുള്ള പ്രവർത്തനം വേണം. മൃഗസംരക്ഷണ മേഖലയിൽ എഫ്.പി.ഒ. മോഡിൽ ഉത്‌പാദക ക്ലസ്റ്ററുകൾ ഉത്പന്നങ്ങൾക്കനുസരിച്ച് സംഘടിപ്പിയ്ക്കണം. ഡയറി, ആട്, പന്നി, ഇറച്ചിക്കോഴി, മുട്ടക്കോഴി, ഇറച്ചി ഉത്പാദനം (പോത്തിറച്ചി) തുടങ്ങി വിവിധ ക്ലസ്റ്ററുകളാക്കാം. ഉത്‌പാദക ക്ലസ്റ്ററുകൾക്ക് എഫ്.പി.ഒ. വഴി 50 ശതമാനം വരെ ധനസഹായം ലഭിയ്ക്കും. ഉത്‌പാദനം, സംസ്‌‌കരണം, വിപണനം എന്നിവയ്ക്ക് പ്രാധാന്യം നൽകണം. സംരംഭകത്വത്തിന് മൃഗസംരക്ഷണം, ക്ഷീരവികസനം എന്നിവയിൽ കേരളത്തിൽ സാദ്ധ്യതകളേറെയുണ്ട്. അനിമൽ ഹസ്ബന്ററി ഇൻഫ്രാസ്ട്രക്ചർ ഫണ്ടിലൂടെ വായ്പയിൽ മൂന്ന് ശതമാനം പലിശ ഇളവ് ലഭിക്കും. ഭക്ഷ്യസംസ്‌‌കരണ മേഖലയിൽ കേരളം ഏറെ പിറകിലാണ്. 33 മുതൽ 50ശതമാനം വരെ സബ്സിഡി ലഭിയ്ക്കുന്ന കേന്ദ്രഭക്ഷ്യസംസ്‌‌കരണ മന്ത്രാലയത്തിന്റെ കോൾഡ് ചെയിൻ
പ്രൊജക്ടിലൂടെ ഭക്ഷ്യസംസ്‌‌കരണം, ബ്രാൻഡിംഗ്, വിപണനം എന്നിവ പ്രോത്സാഹിപ്പിക്കാം .
രാഷ്ട്രീയ ഗോകുൽ മിഷൻ, ദേശീയ കന്നുകാലി മിഷൻ, ദേശീയ ജന്തുരോഗ നിവാരണ പദ്ധതി, ഗവേഷണം, ഉന്നതപഠനം എന്നിവയിലൂടെയും കേരളത്തിന് കൂടുതൽ കൂടുതൽ കേന്ദ്രസഹായം തേടാം. കേന്ദ്രപദ്ധതിയിലൂടെ ധനസഹായത്തിന് വിശദമായ പദ്ധതി റിപ്പോർട്ട് ആവശ്യമാണ്. ഇതിനായി പ്രൊജക്ട് മാനേജ്‌മെന്റ് ഏജൻസി രൂപീകരിക്കണം. ഇന്ന് ഭക്ഷ്യ റീട്ടെയിൽ, ഓൺലൈൻ ഫുഡ് റീട്ടെയിൽ എന്നിവയിൽ മൃഗസംരക്ഷണ
മേഖലയ്ക്ക് സാദ്ധ്യതയുണ്ട്. പുതിയ ഡെലിവറി മോഡലുകൾ രൂപീകരിക്കണം. സ്റ്റാർട്ടപ്പുകൾ ഈ രംഗത്ത് കൂടുതലായി ആരംഭിക്കാം.
കേന്ദ്ര പദ്ധതികൾ, കിസ്സാൻ ക്രെഡിറ്റ് കാർഡ്, നബാർഡിന്റെ എഫ്.പി.ഒ. സഹായം, ദേശസാൽകൃത, സഹകരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം എന്നിവയിലൂടെ പ്രതിവർഷം മൃഗസംരക്ഷണ മേഖലയിൽ 3000 കോടി മുടക്കുമുതൽ എന്ന തോതിൽ പദ്ധതികൾ ആവിഷ്‌‌കരിച്ച് നടപ്പിലാക്കണം. ഇതിൽ 1000 കോടി കേന്ദ്രപദ്ധതികളും 2000 കോടി വായ്പയുമായിരിക്കണം. 400
കോടിയോളം രൂപ വികേന്ദ്രീകൃതാസൂത്രണത്തിലൂടെ വകയിരുത്താം. സമ്മിശ്ര, സംയോജിത പദ്ധതികളും കേരളത്തിന് ആവശ്യമാണ്.
(ലേഖകൻ വെറ്ററിനറി സർവകലാശാല മുൻ ഡയറക്ടറും ബംഗ്ലരൂവിലെ ട്രാൻസ് ഡിസിപ്ലിനറി ഹെൽത്ത് സർവകലാശാല പ്രൊഫസറുമാണ്)