
ന്യൂഡൽഹി: 8,848 മീറ്റർ ഉയരമുള്ള എവറസ്റ്റാണ് ഹിമാലയൻ പർവതനിരകളിൽ ഏറ്റവും ഉയരം കൂടിയത്. എന്നാൽ ഹിമാലയത്തേക്കാൾ നീളമുള്ള മറ്റ് പർവത നിരകളും മുമ്പ് ഉണ്ടായിരുന്നു. ഗ്രഹത്തിന്റെ പരിണാമത്തിന് വരെ സഹായകമായ 'സൂപ്പർ മൗണ്ടനുകൾ' എന്നറിയപ്പെടുന്ന ഇത്തരം പർവതങ്ങളുടെ രൂപീകരണം പണ്ട് മുതലേ ഗവേഷകർ നിരീക്ഷിച്ചിരുന്നു.
8000കിലോമീറ്റർ വരെ നീളമുളള ഈ പർവതങ്ങൾ ഹിമാലയൻ മലനിരകളേക്കാൾ നാലിരട്ടി നീളമുള്ളതും മുമ്പ് രണ്ടുതവണ രൂപപെട്ടിട്ടുള്ളതുമാണ്. ആദ്യത്തേത് 2000മുതൽ 1800വർഷങ്ങൾക്കു മുമ്പും രണ്ടാമത്തേത് 650മുതൽ 500വരെ ദശലക്ഷം വർഷങ്ങൾക്ക് മുമ്പുമാണ്. ഭൂമിയുടെ ചരിത്രത്തിലെ രണ്ട് സുപ്രധാന പരിണാമ കാലഘട്ടങ്ങളും ഈ രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടെന്നാണ് ഗവേഷകരുടെ വിശ്വാസം.
എർത്ത് ആന്റ് പ്ലാനിറ്ററി സയൻസ് ലെറ്റേഴ്സ് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഈ പർവത നിരകൾ ഉണ്ടായിരുന്നതായി കണ്ടെത്തിയെന്ന് പറയുന്നത്. ലുട്ടീഷ്യത്തിന്റെ അംശം കുറഞ്ഞ സിർക്കോണിന്റെ സാന്നിദ്ധ്യം കാണപ്പെടുന്നത് ഉയരമുള്ള പർവതങ്ങളുള്ള പ്രദേശങ്ങളിലാണ്. ഈ അപൂർവ മൂലകങ്ങളുടെ സാന്നിദ്ധ്യമാണ് പർവതത്തെ തിരിച്ചറിയാൻ സഹായിച്ചത്.
സൂപ്പർ മൗണ്ടനുകളുടെ കഥ

ഈ സൂപ്പർ മൗണ്ടനുകളെ പോലെ നിലവിൽ മറ്റൊരു പർവതങ്ങളും ഇല്ലെന്നാണ് ഗവേഷകർ പറയുന്നത്. ഉയരത്തിന്റെ കാര്യത്തിൽ മാത്രമല്ല, ഹിമാലയൻ മലനിരകളുടെ നാലിരട്ടിയോളം വലുപ്പമുള്ള ഈ മലനിരകൾ ചിന്തിക്കാൻ കഴിയുന്നതിനെക്കാൾ വലുതാണ്. ആദ്യത്തെ സൂപ്പർ മൗണ്ടനെ 'നൂന സൂപ്പർമൗണ്ടൻ' എന്നാണ് വിളിച്ചിരുന്നത്. ഈ പർവതങ്ങളിൽ ഏകകോശ ജീവികളും പിന്നീട് അതിൽ സസ്യങ്ങളും മൃഗങ്ങളും ഉത്ഭവിച്ചു എന്നുമാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. എന്നാൽ രണ്ടാമത്തേതിൽ വലിയ മൃഗങ്ങൾ ഉണ്ടായിരുന്നു. 'ട്രാൻസ്ഗോണ്ട്വാനൻ സൂപ്പർമൗണ്ടൻ' എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. ഇപ്പോൾ കാണുന്ന പല മൃഗങ്ങളുടെയും അസ്ഥികൾ ഇവിടെനിന്നും കണ്ടെത്തിയിട്ടുണ്ട്.
ഭൂമിയുടെ പരിണാമത്തിൽ സൂപ്പർ മൗണ്ടനുകളുടെ പങ്ക്
സൂപ്പർ മൗണ്ടനുകൾ തകർന്നപ്പോൾ സമുദ്രങ്ങളിലേയ്ക്ക് പോഷകങ്ങൾ, ഫോസ്ഫറസ്, ഇരുമ്പ് എന്നിവ അമിതമായ അളവിൽ എത്തി. ഇത് പരിണാമത്തെ കൂടുതൽ വേഗത്തിലാക്കിയെന്നും, അന്തരീക്ഷത്തിൽ ഓക്സിജന്റെ അളവ് വർദ്ധിക്കുന്നതിന് കാരണമായിരുന്നിരിക്കണം എന്നും ഗവേഷകർ പറയുന്നു. സൂപ്പർ മൗണ്ടനുകളെ പറ്റിയുള്ള പുതിയ പഠനങ്ങൾ ഭൂമിയുടെയും ജീവന്റെയും പരിണാമത്തെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകളിലേയ്ക്ക് നയിക്കുമെന്നും ഗവേഷകർ പറയുന്നു.