
ലക്നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ പ്രതിപക്ഷ നേതാക്കൾ “ഭാരത് മാതാ കീ ജയ്, വന്ദേമാതരം, ജയ് ശ്രീറാം” എന്ന് വിളിക്കാൻ തുടങ്ങുമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നും കേശവ് പ്രസാദ് മൗര്യ പറഞ്ഞു. ട്വിറ്ററിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഒരു കാലത്ത് ക്ഷേത്രങ്ങളിൽ പോകുന്നത് വർഗീയതയാണെന്ന് പ്രതിപക്ഷ നേതാക്കൾ കരുതിയിരുന്നു. എന്നാൽ 2014ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ശേഷം അവർ ക്ഷേത്രങ്ങളിലെ സ്ഥിരം സന്ദർശകർ ആയിമാറിയെന്നും കേശവ് പ്രസാദ് മൗര്യ പറഞ്ഞു. ശനിയാഴ്ച ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ 'ഹർ കി പൗരി' സന്ദർശിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അദ്ദേഹം പരിഹസിച്ചു.
സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവും ഞായറാഴ്ച വൃന്ദാവൻ ജില്ലയിലെ ബങ്കെ ബിഹാരി ക്ഷേത്രം സന്ദർശിച്ചിരുന്നു. "താക്കൂർജിയുടെ അനുഗ്രഹം വാങ്ങാനാണ് ഞങ്ങൾ ഇവിടെ വന്നത്. സമാജ്‌വാദി പാർട്ടി ശക്തമായ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കും," 'ദർശനത്തിന്' ശേഷം ഡിംപിൾ യാദവ് പറഞ്ഞു. ഇക്കാര്യങ്ങളെ വിമർശിച്ചാണ് കേശവ് പ്രസാദ് മൗര്യ രംഗത്തെത്തിയത്.