
ന്യൂഡൽഹി: ലതാ മങ്കേഷ്‌കറുടെ വിയോഗം നികത്താൻ കഴിയാത്ത നഷ്‌ടമാണ് രാജ്യത്തിന് നൽകിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ ലതാ ദീദിയെ സ്നേഹിക്കുന്ന ഓരോ ഇന്ത്യക്കാരനും തങ്ങളുടെ ദുഖം രേഖപ്പെടുത്തിക്കഴിഞ്ഞു. മാതൃഭാഷ മറാത്തി ആയിരുന്നെങ്കിലും മുപ്പത്തിയഞ്ചോളം ഭാഷകളിലായി നാൽപ്പതിനായിരത്തിലധികം ഗാനങ്ങൾ ലതാ മങ്കേഷ്‌കറുടെ സ്വരമാധുരിയിൽ ആസ്വാദകരിലേക്കെത്തി.
ഇത്രയധികം ഭാഷകളിൽ പാടിയിട്ടുണ്ടെങ്കിലും ഒരിക്കൽ മാത്രമേ ഗുജറാത്തിയിൽ ലത കത്തെഴുതിയിട്ടുള്ളൂ. അതും നരേന്ദ്രമോദിയുടെ അമ്മ ഹീര ബെന്നിന്. രണ്ടാംതവണയും പ്രധാനമന്ത്രിയായി മോദി അധികാരത്തിലേറിയ സമയത്തായിരുന്നു അത്.
'തുടർച്ചയായി രണ്ടാം തവണയും പ്രധാനമന്ത്രിയായതിന് നിങ്ങളുടെ മകനും എന്റെ സഹോദരനും അഭിനന്ദനങ്ങൾ. ഞാൻ ആദ്യമായി ഗുജറാത്തി ഭാഷയിൽ എഴുതുകയാണ്, അതിനാൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ എന്നോട് ക്ഷമിക്കൂ'.- ഇതായിരുന്നു കത്തിൽ ലത എഴുതിത്. മോദിയെ സഹോദരനെന്നും, ഹീര ബെന്നിനെ അമ്മയെന്നുമാണ് ലത വിശേഷിപ്പിച്ചത്.
2013ൽ തന്റെ അച്ഛൻ ദീനനാഥ് മങ്കേഷ്‌കറുടെ പേരിലുള്ള ആശുപത്രി ഉദ്‌ഘാടനം ചെയ്യാൻ നരേന്ദ്ര മോദിയെ ലത ക്ഷണിച്ചിരുന്നു. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയാണ് മോദി. നന്ദി പ്രസംഗത്തിനിടയിൽ ദീദി പറഞ്ഞ വാക്ക് ശ്രദ്ധേയമായിരുന്നു. മോദിയെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി കാണാൻ താൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നുവെന്നായിരുന്നു അത്. 2014ലെ പാർലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പും അവർ ഇക്കാര്യം ആവർത്തിക്കുകയുണ്ടായി.
എല്ലാവർഷവും രക്ഷാബന്ധൻ മഹോത്സവത്തിൽ മോദിക്ക് സമ്മാനങ്ങൾ കൊടുത്തയക്കാൻ ലത മങ്കേഷ്‌കർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 2020ൽ കൊവിഡ് സമയത്ത് മാത്രമാണ് ഇതിന് കഴിയാതിരുന്നത്.
ഇന്നലെ രാവിലെ 8.12ന് ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് ഇന്ത്യയുടെ ഗാനകോകിലം ലത മങ്കേഷ്‌കർ വിടപറഞ്ഞത്.
ഭൗതികദേഹം ഇന്നലെ ഉച്ചയോടെ ആശുപത്രിയിൽ നിന്ന് മുംബയിലെ വസതിയിൽ എത്തിച്ചു. വൈകിട്ട് ആറ് മണിക്ക് മുംബയ് ശിവാജി പാർക്കിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. അന്ത്യാഞ്ജലി അർപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചനം രേഖപ്പെടുത്തി.
അമിതാഭ് ബച്ചൻ, സച്ചിൻ തെണ്ടുൽക്കർ, ഷാരൂഖ് ഖാൻ തുടങ്ങി നിരവധി പ്രമുഖർ ലത ദീദിക്ക് അന്ത്യോപചാരം അർപ്പിച്ചു. കൊവിഡും ന്യൂമോണിയയും ബാധിച്ച് ജനുവരി 8നാണ് ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആരോഗ്യനില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. നില മെച്ചപ്പെട്ടതോടെ വെന്റിലേറ്റർ മാറ്റിയെങ്കിലും ശനിയാഴ്ച രാത്രി ഗുരുതരമാവുകയും വീണ്ടും വെന്റിലേറ്ററിലാക്കുകയും ചെയ്തു. കൊവിഡാനന്തര സങ്കീർണതകളായിരുന്നു മരണകാരണം.