
മലയിൻകീഴ് : ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ പിടിമുറിക്കിയിട്ട് കാലങ്ങൾ കഴിഞ്ഞു. സാംസ്കാരിക പെരുമയിൽ സൽപ്പേരുള്ള മാറനല്ലൂരും മലയിൻകീഴും വിളപ്പിലും കഞ്ചാവ് സൂക്ഷിക്കുന്ന കേന്ദ്രങ്ങളാണെന്ന് അറിയുന്നത് അടുത്തിടെയാണ്. പേയാട് ഭാഗത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന 187 കിലോഗ്രാം കഞ്ചാവും മലയിൻകീഴ് മണലി ഭാഗത്തു നിന്ന് 59 കിലോഗ്രാം കഞ്ചാവ് പിടികൂടുകയും സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ എക്സൈസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ സംഘങ്ങൾക്ക് കഞ്ചാവ് ശേഖരിക്കാനും സൂക്ഷിക്കുന്നതിനുമായി ബാങ്ക് മുഖേന പണം അയച്ച കേസിൽ ബാലരാമപുരം സ്വദേശിയെ കഴിഞ്ഞ ദിവസമാണ് എക്സൈസ് പിടികൂടിയത്. മാറനല്ലൂരിൽ വീട്ടിൽ കഞ്ചാവ് സൂക്ഷിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിലായതും അടുത്തിടെയാണ്. മാറനല്ലൂർ ഗ്രാമപഞ്ചായത്തിലെ പുന്നാവൂർ, ഊരൂട്ടമ്പലം, കണ്ടല, പോങ്ങുംമൂട്, ചീനിവിള മേഖലകളിൽ കഞ്ചാവ് ഉപയോഗം വ്യാപകമാകുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു.
സമൂഹത്തിന് ദേഷകരമായ അവസ്ഥ സൃഷ്ടിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
കഞ്ചാവ് ശേഖരത്തിലും മാറനല്ലൂർ
വ്യാജ മദ്യത്തിന് കുപ്രസിദ്ധി നേടിയിരുന്ന മാറനല്ലൂരിലിപ്പോൾ കഞ്ചാവ് ശേഖരത്തിൽ ജില്ലയിൽ മുന്നിലാണെന്നാണ് അടുത്തിടെ എക്സൈസ് നടത്തിയ റെയിഡിൽ നിന്ന് വ്യക്തമാകുന്നത്. ലഹരി വില്പനയും ഉപയോഗവും വർദ്ധിച്ചതോടെ സാമൂഹ്യവിരുദ്ധ ശല്യവും പ്രദേശത്താകെ കൂടിയിട്ടുണ്ട്. മലയിൻകീഴും ആനപ്പാറ ഭാഗത്തും അപരിചിതരായവർ കാറുകളിലെത്തുന്നതും പതിവെന്നാണ് നാട്ടുകാർ പറയുന്നത്. യുവാക്കളും വിദ്യാർത്ഥികളുമാണ് ലഹരി മാഫിയ സംഘത്തിന്റെ പ്രധാന ഇരകൾ .ആവശ്യത്തിന് പണവും മറ്റ് സ്വാധീനങ്ങളും ഉപയോഗിച്ച് ലഹരി മാഫിയ സംഘം പ്രദേശത്താകെ താവളമാക്കിയതിൽ നാട്ടുകാർ ഭീതിയിലാണ്.
ഫലംകാണാതെ പരാതികളും
കഞ്ചാവ് കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങുന്നവരിൽ ഭൂരിഭാഗം പേരും വീണ്ടും കഞ്ചാവ് കച്ചവടം ചെയ്യുന്നുവെന്നാണ് എക്സൈസിന് ലഭിച്ചിട്ടുള്ള വിവരം. പഞ്ചായത്ത് പ്രദേശങ്ങളിൽ കഞ്ചാവ് ശേഖരം വൻതോതിൽ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പൊലീസ് പിടികൂടുന്നത് ചെറു സംഘങ്ങളെയാണെന്നും വമ്പൻ സ്രാവുകളായ ലഹരി മാഫിയ പലപ്പോഴും രക്ഷപ്പെടുകയാണ് പതിവെന്നും പരാതിയുണ്ട്. ഒരു ഫോൺ കാളിൽ ഇരിക്കുന്നിടത്ത് ലഹരി എത്തുന്നതിനാൽ കഞ്ചാവ് ഉൾപ്പെടെയുള്ളവയ്ക്ക് ആവശ്യക്കാർ ഏറെയാണ്. വിവിധ റസിഡന്റ് അസോസിയേഷനുകൾക്കും യുവജനസംഘടനകളും ലഹരിക്കെതിരെ രംഗത്ത് വരാറുണ്ടെങ്കിലും ഇതുവരെ ഫലം കണ്ട് തുടങ്ങിയിട്ടില്ല.