crown

ലണ്ടൻ: ചാൾസ് രാജകുമാരന്റെ കിരീടധാരണ ചടങ്ങിൽ എലിസബത്ത് (രണ്ട്) രാജ്ഞിയുടെ കിരീടം കോൺവാൾ പ്രഭ്വിയും ചാൾസ് രാജകുമാരന്റെ ഭാര്യയുമായ കാമിലയ്ക്ക് കൈമാറും. കോഹിനൂർ രത്നം പതിച്ച 1937ലെ കിരീടമാണ് എലിസബത്ത് രാജ്ഞിയുടെ കാലശേഷം കൈമാറുന്നത്.1937ൽ പിതാവായ ജോർജ് ആറാമന്റെ കിരീടധാരണ ചടങ്ങിൽ മാതാവ് എലിസബത്ത് രാജ്ഞിയ്ക്ക് ധരിക്കാനായിരുന്നു കിരീടം നിർമിച്ചത്.

എലിസബത്ത് രാജ്ഞിയുടെ കിരീടത്തിൽ 2800 രത്നങ്ങളാണ് പതിപ്പിച്ചിരിക്കുന്നത്. ക്രിമിയൻ യുദ്ധസമയത്ത് ബ്രിട്ടൻ നൽകിയ പിന്തുണയുടെ നന്ദി സൂചകമായി 1856ൽ തുർക്കി സുൽത്താൻ വിക്ടോറിയ രാജ്ഞിക്ക് നൽകിയ ഒരു വലിയ രത്നകല്ലും കിരീടത്തിലുണ്ട്. പ്ളാറ്റിനവും രത്നങ്ങളും കൊണ്ടാണ് കിരീടം നിർമിച്ചിരിക്കുന്നത്. മുൻവശത്തെ കുരിശിൽ പതിപ്പിച്ചിരിക്കുന്ന ഇന്ത്യയിൽ ഉത്ഭവിച്ച, 105 കാരറ്റിലുള്ള കോഹിനൂർ രത്നമാണ് കിരീടത്തിന്റെ മുഖ്യ ആകർഷണം.

ബ്രിട്ടനിൽ എലിസബത്ത് രാജ്ഞി അധികാരത്തിലെത്തി 70 വർഷം തികഞ്ഞ ദിനമായിരുന്നു ഇന്നലെ. ഏറ്റവും കൂടുതൽ കാലം സിംഹാസനത്തിലിരുന്ന വ്യക്തിയെന്ന ചരിത്രനേട്ടം കൂടി എലിസബത്ത് രാജ്ഞിക്കുണ്ട്. 1952 ഫെബ്രുവരി ആറിനാണ് നിലവിൽ 95 വയസുള്ള രാജ്ഞി അധികാരത്തിലെത്തിയത്. പിതാവ് ജോർജ് ആറാമന്റെ ചരമദിനം കൂടിയായതിനാൽ രാജ്യത്ത് ആഘോഘപരിപാടികൾ ഒന്നുമുണ്ടായിരുന്നില്ല. എന്നാൽ ജൂണിൽ രാജ്ഞിയുടെ ഭരണത്തിന്റെ പ്ളാറ്റിനം ജൂബിലി വിപുലമായി ആഘോഷിക്കാനാണ് തീരുമാനം. തന്റെ കാലശേഷം മകൻ ചാൾസ് രാജകുമാരൻ അധികാരത്തിലെത്തുമ്പോൾ രാജ്ഞിയായി കാമില അറിയപ്പെടണമെന്ന് അതിയായ ആഗ്രഹമുണ്ടെന്ന് രാജ്ഞി വെളിപ്പെടുത്തിയിരുന്നു.