farhan

സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ്, ഗായകൻ എന്നീ നിലകളിൽ ബോളിവുഡിൽ തിളങ്ങുന്ന ഫരാൻ അക്തർ തന്റെ ദീർഘകാല കാമുകിയും ഇന്ത്യൻ- ആസ്‌ട്രേലിയൻ ഗായികയും മോഡലുമായ ഷിബാനി ദണ്ഡേക്കറുമായിട്ടുള്ള വിവാഹ തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 21ന് വിവാഹം നടക്കുമെന്ന് ഫരാന്റെ അച്ഛനും പ്രമുഖ തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തർ സ്ഥിരീകരിച്ചു. ഷിബാനി നല്ല കുട്ടിയാണെന്നും എല്ലാവർക്കും പ്രിയപ്പെട്ടവളാണെന്നും പറഞ്ഞ അദ്ദേഹം ഇരുവരുടെയും ബന്ധം മികച്ചതാണെന്നും കൂട്ടിച്ചേർത്തു. കഴിഞ്ഞ മാസം തന്നെ ഫരാന്റെ വിവാഹത്തെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. അതിനു പിന്നാലെയാണ് ജാവേദ് അക്തറിന്റെ പ്രതികരണം. കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ കുറച്ചുപേരെ ഉൾപ്പെടുത്തി ചെറിയ രീതിയിലായിരിക്കും ചടങ്ങുകൾ. 2018 മുതൽ ഫരാനും ഷിബാനിയും പ്രണയത്തിലാണ്. വിവാഹ മോചിതനും രണ്ട് കുട്ടികളുടെ പിതാവുമായ ഫർഹാന്റെ രണ്ടാം വിവാഹമാണിത്. അധുന ഭബാനിയുമായി 17 വർഷം നീണ്ട വിവാഹ ജീവിതത്തിനുശേഷം 2017 ലാണ് ഫരാൻ വിവാഹ മോചിതനായത്. ഫർഹാന്റെ സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റായിരുന്നു അധുന ഭബാനി. ശാക്യ അക്തർ, അകീര അക്തർ എന്നിവരാണ് മക്കൾ.

പ്രിയങ്ക ചോപ്ര, ആലിയ ഭട്ട്, കത്രീന കൈഫ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജീ ലേ സരാ എന്ന ചിത്രം സംവിധാനം ചെയ്യുന്നതിന്റെ തയ്യാറെടുപ്പിലാണ് ഫരാനിപ്പോൾ. ഈ വർഷം തന്നെ ചിത്രീകരണം അവസാനിപ്പിച്ച് തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ.