kanam-rajendran-

തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചതിന് പിന്നാലെ വിഷയത്തിൽ പ്രതികരിച്ച് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഓർഡിനൻസിനെ താൻ ഇപ്പോഴും എതിർക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ലോകായുക്ത ഓർഡിനൻസിന്റെ അടിയന്തര സാഹചര്യം ബോധ്യമാകാത്ത സാഹചര്യത്തിലാണ് സി പി ഐ എതിർപ്പ് പ്രകടിപ്പിക്കുന്നത്. ഓർഡിനൻസിന്റെ ആവശ്യകത ഗവർണർക്ക് മനസിലായി കാണും. ഗവർണർക്ക് ബോധ്യപ്പെട്ട കാര്യം സി പി ഐക്കും ബോധ്യപ്പെടണമെന്നും കാനം വ്യക്തമാക്കി. വിഷയം കാബിനറ്റിൽ ചർച്ച ചെയ്യണം. സി പി ഐയുടെ അഭിപ്രായം അവിടെ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിദേശ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലോകായുക്ത നിയമ ഭേദഗതിയെ കുറിച്ച് മുഖ്യമന്ത്രി ​ഗവർണറോട് വിശദീകരിച്ചിരുന്നു. നിലവിലെ ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭരണഘടന വിരുദ്ധമാണ്. ഇക്കാര്യത്തിൽ സർക്കാരിന് നിയമോപദേശം ലഭിച്ചുവെന്നും മുഖ്യമന്ത്രി ​ഗവർണറെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലോകായുക്ത നിയമഭേദഗതിക്ക് ഗവർണർ അംഗീകാരം നൽകിയത്.