
ബേസിൽ ജോസഫും ഗുരു സോമസുന്ദരവും വീണ്ടും ഒന്നിക്കുന്നു. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളിയുടെ സംവിധായകനായ ബേസിൽ ജോസഫും ചിത്രത്തിൽ ഷിബു എന്ന പ്രതിനായക വേഷം അവതരിപ്പിച്ച ഗുരു സോമസുന്ദരവും കപ്പ് എന്ന ചിത്രത്തിൽ ഒന്നിക്കുന്നു. അനന്യാ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണി നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിക്കുന്നത് നവാഗതനായ സഞ്ജു വി. സാമുവലാണ്. ഇടുക്കിയിലെ അടിമാലി, വെള്ളത്തൂവൽ പ്രദേശങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുും. ചിത്രത്തിലെ  കേന്ദ്ര കഥാപാത്രമായ കണ്ണനെ അവതരിപ്പിക്കുന്നത് മാത്യു തോമസാണ്. പ്രശസ്ത നിർമ്മാതാവ് തമീൻസ് ഷിബുവിന്റെ മകൾ റിയാ ഷിബു പുതുമുഖ നായികയായി ചിത്രത്തിലെത്തുന്നു. നമിതാ പ്രമോദ്, ഇന്ദ്രൻസ്, ജൂഡ് ആന്റണി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം പകർന്നിരിക്കുന്നു. നിഖിൽ പ്രവീൺ ഛായാഗ്രഹണവും റെക്സൺ ജോസഫ് എഡിറ്റിംഗും നിർവഹിക്കുന്നു. അഖിലേഷ് ലതാരാജ്, ഡെൻസൺ ഡ്യൂറോം എന്നിവരുടേതാണ് തിരക്കഥ.