
ശത്രു സംഹാര പൂജ, ശത്രു സംഹാര പുഷ്പാഞ്ജലി എന്നിവയെ കുറിച്ച് നിരവധി തെറ്റിദ്ധാരണകളാണ് ഭക്തർക്ക് ഇടയിലുള്ളത്. നമ്മുടെ ശത്രുവിനെ നശിപ്പിക്കാൻ ദൈവത്തിന് ചുമതല കൊടുക്കുന്ന ചടങ്ങായിട്ടാണ് പലരും ഈ പൂജകളെ കാണുന്നത്. എന്നാൽ സത്യം അതല്ല.
എന്താണ് ശത്രു സംഹാര പൂജ
ഒരു മനുഷ്യന്റെ ശത്രു അവന്റെ ഉള്ളിലെ തെറ്റായ വികാരങ്ങൾ തന്നെയാണ്. അവയെ നിയന്ത്രിക്കുന്നതിലൂടെ ജീവിത വിജയം നേടാനാകുമെന്നതാണ് സത്യം. കാമം, ക്രോധം, ലോഭം, മോഹം, മദം തുടങ്ങിയ നാമോരോരുത്തരിലുമുള്ള ദുഷ്ടശക്തികളെ നിയന്ത്രിക്കുന്നതാണ് ശത്രുസംഹാരം. അതിന് പകരം അടുത്ത വീട്ടിലെ ശത്രുവിനെ മുന്നിൽക്കണ്ടാണ് ശത്രുസംഹാരപൂജ നടത്തുന്നതെങ്കിൽ നമ്മുടെ ഉള്ളിലുള്ള ശത്രു കൂടുതൽ ശക്തനാകുമെന്നതാണ് സത്യം. നമ്മളെ എതിർക്കുന്നവരേയോ അല്ലെങ്കിൽ നമുക്ക് ദോഷം ചെയ്യുന്നവരേയോ നശിപ്പിക്കാനോ അവരുടെ ആക്രമണത്തിൽ നിന്ന് രക്ഷ നേടാനോ വേണ്ടി ചെയ്യേണ്ട ഒരു കർമ്മമല്ല ശത്രു സംഹാരപൂജ എന്നത് എല്ലാ ഭക്തരും ആദ്യം മനസിലാക്കേണ്ടതാണ്.
ശത്രു സംഹാര പൂജയുടെ ഫലം
മുരുക ഭഗവാന് മുന്നിലാണ് നാം ശത്രു സംഹാര പൂജ നടത്തേണ്ടത്. മുരുകൻ ക്ഷേത്രത്തിൽ ശത്രു സംഹാരം നടത്തുന്നതിലൂടെ ഗൃഹദോഷം,ദൃഷ്ടി ദോഷം ശാപങ്ങൾ എന്നിവയിൽ നിന്ന് മോചനം ലഭിക്കുമെന്നാണ് വിശ്വാസം. കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്തുക, ഭയം, മാനസിക പ്രശ്നങ്ങൾ, കടം എന്നിവയിൽ നിന്നുള്ള മോചനം എന്നിവയ്ക്കായും ശത്രു സംഹാര പൂജ നടത്താറുണ്ട്. വിവാഹം നടക്കാൻ കാലതാമസം, ജോലി സംബന്ധമായ പ്രശ്നങ്ങൾ, സാമ്പത്തിക ബാധ്യതകൾ എന്നിവ കുറയ്ക്കുന്നതിനും ശത്രു സംഹാര പൂജകൾ നടത്താറുണ്ട്. കാടാമ്പുഴ പോലുള്ള മഹാദേവീ ക്ഷേത്രങ്ങൾ ശത്രു സംഹാര പൂജകൾക്കായി തിരഞ്ഞെടുക്കാം.
പ്രാർത്ഥന
ശത്രു സംഹാര പൂജ നടക്കുന്ന സമയത്ത് ഭക്തന്റെ മനസ് ഭഗവാനിൽ പൂർണമായി സമർപ്പിക്കപ്പെടണം. എന്നിൽ നിന്ന് ഒരു ദോഷവും മറ്റുള്ളവർക്ക് ഭവിക്കരുത് എന്നായിരിക്കണം ഇത്തരത്തിലുള്ള വഴിപാടുകൾ കഴിക്കുമ്പോൾ പ്രാർത്ഥിക്കേണ്ടത്. അതിന് ശേഷമാത്രം ആയിരിക്കണം മറ്റുള്ളവരിൽ നിന്ന് ഒരു ദൃഷ്ടി ദോഷം പോലും എന്നിലും പതിക്കരുത് എന്ന പ്രാർത്ഥന.