murder

ലഖ്നൗ: ഉത്തർപ്രദേശിൽ 17കാരിയെ കൂട്ടബലാത്സംഗം ചെയ്തവരിൽ ഒരാൾ കൂടി അറസ്റ്റിൽ. ഇന്നലെയാണ് പൊലീസ് ഇയാളെ കാലിൽ വെടിവച്ചുവീഴ്ത്തിയ ശേഷം പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിയെയും ഇതേ രീതിയിലാണ് പിടികൂടിയത്. മൂന്ന് പ്രതികളിൽ ഒരാളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.

ഫെബ്രുവരി മൂന്നിനാണ് വീടിന് സമീപമുള്ള ഒരു വയലിൽ നിന്നും പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മുഖത്ത് നിറയെ മുറിവുകളുണ്ടായിരുന്നു. പ്രാഥമിക പരിശോധനയിലാണ് കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് കണ്ടെത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ മൂന്ന് പേർ ചേർന്നാണ് ക്രൂരകൃത്യം നടത്തിയതെന്ന് തെളിഞ്ഞു. ഉടൻ തന്നെ പൊലീസ് അന്വേഷണം ആരംഭിക്കുകയും പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് 25,000രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. ശേഷമാണ് രണ്ട്‌പ്രതികളെ പിടികൂടിയത്. ഇതിനിടെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് പ്രതികളുടെ കാലിൽ പൊലീസ് വെടിവച്ചത്. ഇവർ ഇപ്പോൾ ചികിത്സയിൽ കഴിയുകയാണ്.

മറ്റൊരു പ്രതിയ്ക്കായുള്ള അന്വേഷണം തുടരുകയാണ്. ഇവർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്നതിന് രേഖകളൊന്നും ഇതുവരെ പൊലീസിന് കണ്ടെത്താനായില്ല. അറസ്റ്റിലായവരിൽ ഒരാൾ പെൺകുട്ടിയുടെ അയൽവാസിയാണ്. മറ്റൊരു പ്രതി കുട്ടിയുടെ പരിചയക്കാരനായിരുന്നു എന്നും പൊലീസ് പറഞ്ഞു. ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.