
മലയാള സിനിമയ‌്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് നെടുമുടി വേണുവിന്റെ വിയോഗത്തിലൂടെ ഉണ്ടായത്. വില്ലനായും, നായകനായും, സഹനടനായും തേടിവന്ന വേഷങ്ങളെല്ലാം ഒന്നൊഴിയാതെ വേണു അവിസ്‌മരണീയമാക്കി. വേണു മരണം മുന്നിൽ കണ്ടിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് സുഹൃത്തും നടനുമായ ഇന്നസെന്റ്. കൗമുദി മൂവിസിന്റെ ഇന്നസെന്റ് കഥകളിലാണ് അദ്ദേഹം വേണുമായുള്ള തന്റെ സൗഹൃദം പറയുന്നത്.
'ഈ അടുത്ത കാലത്താണ് നെടുമുടി വേണു മരിച്ചത്. ഞാനും അയാളും തമ്മിൽ വലിയ ബന്ധമായിരുന്നു. അദ്ദേഹത്തിന് ആദ്യമായി സ്‌റ്റേറ്റ് അവാർഡ് കിട്ടിയ വിടപറയും മുമ്പേ എന്ന ചിത്രം നിർമ്മിച്ചത് ഞാനും കാച്ചപ്പള്ളിയും ചേർന്നാണ്. അദ്ദേഹം മരിക്കുന്നതിന്റെ എട്ടുദിവസം മുമ്പ് ചിത്രത്തിലെ അവസാന സീനിലെ ഗാനം എനിക്കയച്ചു തന്നു. എന്നിട്ട് എന്നോട് ചോദിച്ചു, ഇന്നസെന്റേ ആ പാട്ട് കണ്ടില്ലേ? കാരണം ആ പാട്ടിലെ വിഷ്വൽ ഇയാള് മരിക്കുന്നതായിട്ടാണ്. എന്നുവച്ചാൽ വേണു മരണം മുൻകൂട്ടി കണ്ടിരിക്കുന്നു'.