തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയൻ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ മാർച്ച് 28, 29 തീയതികളിൽ നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ മുഴുവൻ നഴ്സുമാരും രംഗത്തിറങ്ങണമെന്ന് കേരള ഗവ.നഴ്സസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗം അഭ്യർത്ഥിച്ചു. വിദ്യാഭ്യാസ സർവീസ് മേഖലയിലെ ആവശ്യങ്ങളെ മുൻനിറുത്തി ജീവനക്കാരും അദ്ധ്യാപകരും പണിമുടക്കിൽ പങ്കുചേരും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ നഴ്സുമാരുടെ റേഷ്യോ പ്രൊമോഷൻ നടപടികൾ പൂർത്തീകരിക്കുക, ഡെസിഗ്‌നേഷൻ പരിഷ്കരണം യാഥാർത്ഥ്യമാക്കുക, സ്റ്റാഫ് നേഴ്സുമാരുടെ സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. ഓൺലൈനായി ചേർന്ന യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് എം. ജയശ്രീ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി. സുബ്രമണ്യൻ റിപ്പോർട്ടിംഗ് നടത്തി.