
വാക്കുകൊണ്ടും അക്ഷരം കൊണ്ടും സ്വാമി വിവേകാനന്ദൻ ലോകത്തെ കീഴടക്കി. പക്ഷേ, ജീവിതത്തെ കീഴടക്കാൻ അദ്ദേഹത്തിന് കഴിഞ്ഞോ എന്ന് സംശയിക്കുന്നവരുണ്ടാകാം. കാരണം തനിക്ക് ബി.എ ഡിഗ്രി ഉണ്ടായിരുന്നെങ്കിലും ഒരു ജോലി നേടാനോ മാസാമാസം പതിനഞ്ചു റുപ്പികപോലും ഉണ്ടാക്കാനോ പറ്റിയില്ലെന്ന് തന്റെ അമേരിക്കയിലെ ശിഷ്യന്മാരോട് അദ്ദേഹം തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. എവറസ്റ്റ് കീഴടക്കാൻ ടെൻസിംഗിന് കഴിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ജീവിതം യാതനാപൂർണമായിരുന്നു. ഏറ്റവും  പ്രിയപ്പെട്ടവർക്കുപോലും പ്രകൃതി എല്ലാമേഖലയിലും സമ്പൂർണ വിജയം നൽകാറില്ല.
ഇത്തരം സംവാദങ്ങളാണ് സദാശിവന്റെ നേതൃത്വത്തിലുള്ള സായാഹ്ന ഒത്തുചേരലിൽ പങ്കെടുക്കുന്നവരുടെ ഊർജം. പതിനെട്ടരക്കവികളെപ്പോലെയാണ് സുഹൃത്സംഘത്തിലുള്ളവർ. ചിലർക്ക് സഭ്യവും അസഭ്യവും മുഖാമുഖം നോക്കുന്ന സംഭാഷണങ്ങളും. പ്രഭാകരൻ ചെയ്തത് വലിയ ക്രൂരതയാണെന്ന് വിനയൻ. മദ്യപാനത്തിന്റെ അവസാനസീൻ പലപ്പോഴും ആത്മഹത്യയോ  മനോരോഗമോ ആയിരിക്കുമെന്ന് സുശീലൻ. രണ്ടാഴ്ച മുമ്പ് പ്രഭാകരൻ ജീവനൊടുക്കി. കിടപ്പുമുറിയിലെ ഫാനിൽ. ഭാര്യയും അതേമുറിയിലായിരുന്നു. രാവിലെ അവർ കണ്ണുതിരുമ്മി എണീൽക്കുമ്പോൾ തലയ്ക്കുമുകളിൽ ഭർത്താവിന്റെ മൃതശരീരം. മരണാനന്തരചടങ്ങുകൾ കഴിഞ്ഞ് ദിവസങ്ങളായിട്ടും ആ സ്ത്രീ പഴയ മാനസികനില കൈവരിച്ചിട്ടില്ല. താലികെട്ടിയ പെണ്ണിനോട് ഇത്രക്രൂരത ആകാമോ എന്നാണ് വിനയന്റെ സംശയം. കുടിച്ച് കുടിച്ച് കുടുംബംകുളമായി. വിവാഹിതരായ രണ്ട് ആൺമക്കളും കുടുംബസമേതം വാടകവീട്ടിലേക്ക് മാറി. ഭർത്താവ് തല്ലാൻ വന്നാലും ഭാര്യ ഈശ്വരനാമം ജപിച്ചിരിക്കും. ഭക്തിയായിരുന്നു അവരുടെ കച്ചിത്തുരുമ്പ്. അതില്ലായിരുന്നെങ്കിൽ ആ സ്ത്രീ എന്നേ ജീവനൊടുക്കിയേനെ.
നാട്ടിൽപറഞ്ഞു കേൾക്കുന്നതിൽ പാതിയേ വാസ്തവമുള്ളൂ. പ്രഭാകരന് വലിയ സ്നേഹമായിരുന്നു ഭാര്യയോട്. മദ്യപാനത്തിന് വേണ്ടിയാണ് പ്രകൃതി തങ്ങൾക്ക് ജന്മം നൽകിയതെന്ന് തെറ്റിദ്ധരിച്ച കുറേക്കൂട്ടുകാർ. അവരാണ് വില്ലന്മാർ. ശുദ്ധാത്മാവായ പ്രഭാകരൻ ആ പുലിമടയിൽ വീണുപോയി. സുശീലൻ തന്റെ വാദഗതിക്കനുസരിച്ചുള്ള ചില തെളിവുകളും നിരത്തി. സംഘത്തിലെ മറ്റു ചിലർ നിശബ്ദരായി കേട്ടിരുന്നതേയുള്ളൂ. എന്തൊക്കെ വക്കാലത്ത് പിടിച്ചാലും സ്വന്തം ഭാര്യയുടെ തലയ്ക്കുമീതെ അയാൾ ജീവനൊടുക്കാൻ പാടില്ലായിരുന്നു. റെയിൽപാളം, വെള്ളം, വിഷം അങ്ങനെ മറ്റെന്തെല്ലാം സാദ്ധ്യതകൾ. ചിലർ അഭിപ്രായപ്പെട്ടു. അധികം വൈകാതെ ആ സ്ത്രീയും ഈ പാതപ്പിന്തുടരില്ലെന്ന് ആരു കണ്ടു?
മരിക്കുമുമ്പ് പ്രഭാകരൻ എഴുതിവച്ച ഒരു കുറിപ്പുണ്ടായിരുന്നു. മരണവേളയിൽപോലും ഭാര്യയെ പിരിഞ്ഞിരിക്കാൻ പറ്റാത്തതുകൊണ്ടാണ് കിടപ്പുമുറിയിൽ തന്നെ അന്ത്യയാത്രയാകുന്നതെന്ന്. അതിന് ആയിരംവട്ടം ക്ഷമിക്കണണെന്നും അയാൾ എഴുതിയിരുന്നു. മരണശിക്ഷ ഏറ്റുവാങ്ങിയവരെ പിന്നെയും പിന്നെയും ഇഞ്ചിഞ്ചായി കൊല്ലണോ? സുശീലന്റെ ചോദ്യത്തിന് വലിയ മൂർച്ചയുണ്ടായിരുന്നു. വിധിയുടെ വിധിക്കെതിരെ അപ്പീൽ പോകാൻ പാവം മനുഷ്യർക്ക് കഴിയുമോ ? ആ ചോദ്യം ചോദിച്ചത് വിനയനായിരുന്നു. സുശീലനടക്കമുള്ളവർ അതിനോട് യോജിച്ചു.
(ഫോൺ: 9946108220)