movie

ഭീഷ്മ പർവ്വം മാർച്ച് 3 ന് എത്തുമെന്ന് സൂചന

ഷെയ്ൻ നിഗം ചിത്രം വെയിൽ ഫെബ്രുവരി 25ന് എത്തും

കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി മൂലം അടച്ചിടേണ്ടിവന്ന തിയറ്ററുകൾ വീണ്ടും സജീവമാകുന്നു.പുതിയ ചിത്രങ്ങൾ റിലീസ് തിയതി പ്രഖ്യാപിച്ചതോടെ തിയറ്റർ വിപണി വീണ്ടും ഉണരുകയാണ്.

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമായ ആറാട്ടിന്റെ റിലീസ് തീയതി പുറത്തുവിട്ടു. ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 18 നാണ് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുക. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ പ്രേക്ഷകർക്ക് മുന്നിലെത്തുക. കഴിഞ്ഞവർഷം ഒക്ടോബർ 14 ന് പുറത്തിറങ്ങാനിരുന്ന ചിത്രത്തിന്റെ റിലീസ് കൊവിഡ് പ്രതിസന്ധി മൂലം പല തവണ മാറ്റിവച്ചിരുന്നു. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. ഉദയ്കൃഷ്ണയാണ് ആറാട്ടിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എ.ആർ. റഹ്മാൻ ചിത്രത്തിന്റെ ഭാഗമാകുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഡ്രമ്മർ ശിവമണിയുടെ ശ്രദ്ധേയമായ അതിഥി വേഷവും ചിത്രത്തിലുണ്ട്. ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുന്നത് ശ്രദ്ധ ശ്രീനാഥാണ്. സിദ്ദിഖ്, സായ്‌കുമാർ, ധ്രുവൻ, സ്വാസിക, നെടുമുടി വേണു, നേഹ സക്‌സേന, വിജയരാഘവൻ, രചന നാരായണൻകുട്ടി, ഇന്ദ്രൻസ്, സെന്തിൽ കൃഷ്ണ, രഞ്ജി പണിക്കർ, അലൻസിയർ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.

സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭീഷ്മ പർവ്വം. അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 24 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാലിപ്പോൾ മാർച്ച് 3 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്. അമൽ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സംവിധായകൻ തന്നെയാണു ചിത്രം നിർമിക്കുന്നത്. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രത്തിൽ ഭീഷ്മ വർധൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. തബു, ഫർഹാൻ ഫാസിൽ, ഷൈൻ ടോം ചാക്കോ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ, അബു സലിം, പദ്മരാജ് രതീഷ്, ഷെബിൻ ബെൻസൺ, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാർ, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാർവ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരക്കുന്നത്.

ഷെയ്ൻ നിഗത്തെ നായകനാക്കി നവാഗതനായ ശരത്ത് രചനയും സംവിധാനവും നിർവഹിച്ച ചിത്രം വെയിലിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ജനുവരി 28 ന് തിയേറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രത്തിന്റെ റിലീസ് നീട്ടിയിരുന്നു. ഫെബ്രു. 25 ആണ് പുതിയ റിലീസ് തീയതി. ഷൈൻ ടോം ചാക്കോ, ജയിംസ് എലിയ, ശ്രീരേഖ, സോന ഒളിക്കൽ, മെറിൻ ജോസ്, ഇമ്രാൻ, സുധി കോപ്പ, ഗീതി സംഗീതിക, അനന്തു തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗുഡ്വിൽ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് നിർമ്മാണം. കൂടാതെ, പ്രശസ്ത തമിഴ് സംഗീത സംവിധായകൻ പ്രദീപ് ആദ്യമായി സംഗീതമൊരുക്കുന്ന മലയാള ചിത്രമാണ് വെയിൽ. റിലീസ് വൈകിയ അന്യഭാഷാ ചിത്രങ്ങളും ഉടൻതന്നെ തിയറ്ററുകളിൽ എത്തുന്നുണ്ട്.