gurmeet

ചണ്ഡിഗഡ്: കൊലക്കേസിലും ബലാൽസംഗക്കേസിലും ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ദേര സച്ച സൗദ ആദ്ധ്യാത്മിക നേതാവ് ഗുർമീത് റാം റഹീം സിംഗിന് 21 ദിവസത്തേക്ക് പ്രത്യേക പരോൾ അനുവദിച്ചു. ഹരിയാനയിലെ റോഹ്‌തകിൽ ജയിലിൽ കഴിയുന്ന ഗുർമീതിന് മുൻപ് ആരോഗ്യനില വഷളായി ചികിത്സയിലുള‌ള അമ്മയെ കാണാനും ആരോഗ്യ പരിശോധകൾക്കുമായി മൂന്ന് ദിവസത്തെ പരോൾ അനുവദിച്ചിരുന്നു. എന്നാൽ ഇത്തവണ 21 ദിവസത്തെ പരോളാണ് നൽകിയിരിക്കുന്നത്. ഇതിന് കാരണമൊന്നും ഹരിയാന സർക്കാർ വ്യക്തമാക്കിയിട്ടില്ല.

എന്നാൽ പഞ്ചാബിലെ മാൾവ മേഖലയിൽ വലിയ സ്വാധീനമുള‌ളയാളായ ഗുർമീത് റാം റഹീം സിംഗിന് പരോൾ നൽകുന്നതിലൂടെ കർഷക സമരത്തെ തുടർന്ന് പൊതുവെ നില പരുങ്ങലിലായ പഞ്ചാബിലെ ബിജെപിയെ സഹായിക്കാനാണ് ബിജെപി പിന്തുണയുള‌ള ഹരിയാനയിലെ മനോഹർ ലാൽ ഖട്ടർ സർക്കാരിന്റെ ശ്രമമെന്ന് ഇതോടെ ആരോപണം ഉയർന്നു. ഇതിന് മറുപടിയായി തനിക്കോ തന്റെ സർക്കാരിനോ ഈ തീരുമാനത്തിൽ യാതൊന്നും ചെയ്യാനില്ലെന്നും നിലവിലെ പ്രോട്ടോകോൾ അനുസരിച്ച് മാത്രമാണ് റാം റഹീമിന് പരോൾ നൽകിയതെന്നുമാണ് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ മറുപടി.

ഗുർമീതിന് സ്വാധീനമുള‌ള മാൾവ മേഖലയിൽ 69 നിയമസഭാ മണ്ഡലങ്ങളാണുള‌ളത്. പഞ്ചാബിലെ ആകെ നിയമസഭാ സീ‌റ്റുകളുടെ പകുതിയിലേറെ വരുമിത്. 117 സീ‌റ്റുകളാണ് പഞ്ചാബിലുള‌ളത്. ഗുർമീത് റാം റഹീം ജയിലിലായ ശേഷം അനുയായികൾ അധികം പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചില്ലെങ്കിലും ഇവർ പ്രസ്ഥാനത്തിലെ നേതാക്കൾ പറഞ്ഞതനുസരിച്ച് വോട്ട് ചെയ്യുമെന്ന ഭയം ബിജെപിക്കുണ്ട്. 2002ൽ കോൺഗ്രസിനാണ് ദേര സച്ച സൗദ പിന്തുണ നൽകിയത്. 2007ൽ പിന്തുണ തുടർന്നു. മികച്ച വിജയം തുടർന്നു. 2017ൽ ബിജെപിക്ക് പിന്തുണ നൽകിയെങ്കിലും പാർട്ടി തകർന്നടിഞ്ഞു.

ഇത്തവണ തിരഞ്ഞെടുപ്പിൽ വിജയത്തിനായി കോൺഗ്രസ്, ബിജെപി, ആപ് നേതാക്കളെല്ലാം ദേര സച്ച സൗദ നേതാക്കളെ പ്രീണിപ്പിക്കുന്നത് തുടരുകയാണ്. ഫെബ്രുവരി 20നാണ് പഞ്ചാബിൽ തിരഞ്ഞെടുപ്പ് നടക്കുക. അടുത്ത ദിവസമാണ് ഗുർമീതിന് നൽകിയ ഇളവ് അവസാനിക്കുക. മാദ്ധ്യമപ്രവർത്തകയെ ബലാൽസംഗം ചെയ്‌ത് കൊന്ന കേസിലും സ്വന്തം മാനേജരെ കൊന്ന കേസിലും 20 വർഷം തടവും ജീവപര്യന്തവും അനുഭവിക്കുന്നയാളാണ് ഗുർമീത് റാം റഹീം സിംഗ്.